തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജതിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണം ആവശ്യപ്പെടുന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കത്തും ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയും ഡിജിപി കമ്മിഷണര്‍ക്ക് കൈമാറിയിരുന്നു. അതേസമയം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ ഏത് അന്വേഷണവും നടക്കട്ടെ എന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നെന്ന കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലെന്നും പരാതി ആര്‍ക്കും കൊടുക്കാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സാങ്കേതികമായി ഏറെ കൃത്യതയുളള ഏജന്‍സി വഴിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്. ഇങ്ങനെയുള്ള തിരഞ്ഞെടുപ്പു പ്രക്രിയ കണ്ടിട്ടില്ലാത്ത ഡിവൈഎഫ്‌ഐയൊക്കെ ഇതൊക്കെയൊന്ന് മനസ്സിലാക്കട്ടെ. ഇത്തരം വിഷയങ്ങള്‍ വരുമ്പോഴാണ് ഡിവൈഎഫ്‌ഐയുടെ പേര് പറഞ്ഞു കേള്‍ക്കുന്നത്. നാട്ടില്‍ ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഡിവൈഎഫ്‌ഐയുടെ പേര് കേള്‍ക്കാറില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫിസ് കോണ്‍ഗ്രസിനോട് വിശദീകരണം തേടിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടും കൈമാറി. തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.വി.രാജേഷ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയതോടെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിഷയം ചര്‍ച്ചയായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മിച്ചെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.