Header ads

CLOSE

സാങ്കേതികത്തകരാര്‍: ഗഗന്‍യാന്‍ രക്ഷാസംവിധാന രക്ഷാസംവിധാന പരീക്ഷണവിക്ഷേപണം മാറ്റി

സാങ്കേതികത്തകരാര്‍:  ഗഗന്‍യാന്‍  രക്ഷാസംവിധാന രക്ഷാസംവിധാന  പരീക്ഷണവിക്ഷേപണം മാറ്റി

ശ്രീഹരിക്കോട്ട: മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യന്‍ പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിന്റെ മുന്നോടിയായ  പരീക്ഷണ വിക്ഷേപണം മാറ്റി. ഇന്ന് രാവിലെ നടത്താനിരുന്ന വിക്ഷേപണമാണ് കാലാവസ്ഥമോശമായതും ചില സാങ്കേതികപ്രശ്‌നങ്ങളും കാരണം നീട്ടിയത്.ജ്വലനപ്രക്രിയയിലുണ്ടായ തകരാറാണ് വിക്ഷേപണം മാറ്റാന്‍ കാരണമായത്. വിക്ഷേപണത്തീയതി പിന്നീടറിയിക്കുമെന്ന് ഇസ്രൊ ചെയര്‍മാന്‍ ജി. സോമനാഥ് അറിയിച്ചു.  ഐഎസ്ആര്‍ഒയുടെ ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു പരീക്ഷണവിക്ഷേപണം നടത്തേണ്ടിയിരുന്നത്. കൗണ്ട് ഡൗണ്‍ പൂര്‍ത്തിയാകാന്‍ അഞ്ച് മിനിറ്റ് അവശേഷിക്കുമ്പോഴാണ് സാങ്കേതികപ്രശ്‌നം കണ്ടെത്തിയതും വിക്ഷേപണം മാറ്റിയതും.  ആദ്യ യാത്രികരുമായി ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിള്‍ കുതിക്കുന്നതിന് മുമ്പുള്ള ക്രൂ എസ്‌കേപ് സിസ്റ്റം പരീക്ഷണമാണിത്. ബഹിരാകാശ യാത്രികരുമായി കുതിച്ചുയരുന്ന റോക്കറ്റിന് വല്ലതും സംഭവിച്ചാല്‍ യാത്രക്കാര്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം.
വിക്ഷേപണത്തറയില്‍ വച്ചോ പറന്നുയര്‍ന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പോ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റില്‍ നിന്ന് വേര്‍പെടുത്തി സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റുന്ന സംവിധാനമാണിത്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാന്‍ തയ്യാറാക്കുന്ന ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിള്‍ അല്ല ഈ പരീക്ഷണത്തിനുപയോഗിക്കുന്നത്. പകരം ജിഎസ്എല്‍വി റോക്കറ്റിന്റെ എല്‍ 40 ബൂസ്റ്ററിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഒരു ചെറിയ റോക്കറ്റാണിതിനുപയോഗിക്കുന്നത്. വികാസ് എന്‍ജിന്റെ കരുത്തില്‍ കുതിക്കുന്ന ഈ റോക്കറ്റിന് മുകളിലാണ് ഗഗന്‍യാന്‍ യാത്രാ പേടകവും അതിന്റെ രക്ഷാസംവിധാനവും സ്ഥാപിച്ചിരിക്കുന്നത്. യഥാര്‍ത്ഥ വിക്ഷേപണ വാഹനമുപയോഗിക്കുന്നതിന്റെ ഭീമമായ ചിലവ് കുറയ്ക്കാനാണ് ഇത്.
ഇസ്രൊയുടെ പരീക്ഷണം ഇങ്ങനെ. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ടെസ്റ്റ് വെഹിക്കിള്‍ കുതിച്ചുയര്‍ന്ന് അറുപത്തിയൊന്നാം സെക്കന്‍ഡില്‍ ക്രൂ മൊഡ്യൂളിലെ ഹൈ ആള്‍ട്ടിട്യൂഡ് എസ്‌കേപ്പ് മോട്ടോറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. സമുദ്രനിരപ്പില്‍ നിന്ന് 11.7 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ക്രൂ മൊഡ്യൂളും എസ്‌കേപ്പ് സിസ്റ്റവും അടങ്ങുന്ന  തല ഭാഗം റോക്കറ്റില്‍ നിന്ന് വേര്‍പെടും. റോക്കറ്റ് കടലിലേയ്ക്ക് യാത്രാ പേടകം മുകളിലേയ്ക്കും പോകും.
അല്‍പ ദൂരം ഇങ്ങനെ സഞ്ചരിച്ച ശേഷം സമുദ്രനിരപ്പില്‍ നിന്ന് പതിനേഴ് കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ക്രൂ മൊഡ്യൂളും എസ്‌കേപ്പ് സിസ്റ്റവും തമ്മില്‍ വേര്‍പെടും. ക്രൂ മൊഡ്യൂളിന്റെ ദിശ ശരിയാക്കി കടലിലേയ്ക്കുള്ള ഇറക്കം. ആദ്യ ഘട്ട പാരച്യൂട്ടുകള്‍ വേഗത കുറയ്ക്കും. സമുദ്ര നിരപ്പില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ഉയരത്തിലെത്തും വരെ ഈ പാരച്യൂട്ടുകളാണ് ക്രൂ മൊഡ്യൂളിന്റെ കൂട്ട്. 2.4 കിലോമീറ്റര്‍ ഉയരത്തിലെത്തിയാല്‍ ആദ്യ ഘട്ട പാരച്യൂട്ടുകള്‍ വിട്ട് മാറും. രണ്ടാം ഘട്ട പാരച്യൂട്ടുകള്‍ വിടരും. സെക്കന്‍ഡില്‍ എട്ടര മീറ്റര്‍ വേഗത്തില്‍ ക്രൂ മൊഡ്യൂള്‍ കടലിലേയ്ക്ക്. ശ്രീഹരിക്കോട്ടയുടെ കടല്‍ തീരത്ത് നിന്ന് ഏകദേശം പത്ത് കീലോമീറ്റര്‍ അകെലയാണ് പേടകം ചെന്ന് വീഴുക.  ഇന്ത്യന്‍ നാവിക സേനയുടെ പ്രത്യേക സംഘം കടലില്‍ നിന്ന് പേടകത്തെ വീണ്ടെടുക്കും.  ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇസ്രൊ പദ്ധതിയിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. 2024ല്‍ മനുഷ്യരെ വഹിക്കാന്‍ പോകുന്ന യഥാര്‍ത്ഥ റോക്കറ്റിന്റെ പരീക്ഷണം നടത്തും.2035 ഓടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ഓടെ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിലിറക്കാനും ലക്ഷ്യമിട്ടാണ് ഇസ്രോയുടെ ഈ പദ്ധതികള്‍.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads