ദോഹ: ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഗാസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ വ്യാഴാഴ്ച രാവിലെ ആരംഭിക്കും. നാല് ദിവസത്തേക്കാണ് മാനുഷിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ അധ്യക്ഷന്‍ മൂസ അബു മര്‍സൂക്ക് പ്രഖ്യാപിച്ചു. ഇസ്രയേലും ഇക്കാര്യം സ്ഥിരീകരിച്ചു.
ബന്ദികളുടേയും തടവുകാരുടേയും കൈമാറ്റങ്ങള്‍ക്കനുസൃതമായി വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ ദിവസം നീട്ടാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടങ്ങിയ ശേഷം ഉണ്ടാകുന്ന നിര്‍ണ്ണായകമായ നീക്കമാണ് വെടിനിര്‍ത്തല്‍. ബന്ദികളെ മോചിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ വ്യവസ്ഥകളിന്മേലാണ് വെടിനിര്‍ത്തല്‍. ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഈജിപ്തും അമേരിക്കയും പങ്കെടുത്തു. ഹമാസ് ബന്ദികളാക്കിയവരില്‍ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാമെന്ന് സമ്മതിച്ചു. പകരമായി ഇസ്രയേല്‍ തടവിലാക്കിയ പലസ്തീനി സ്ത്രീകളെയും കുട്ടികളെയും സ്വതന്ത്രരാക്കും. ഇസ്രയേല്‍ ജയിലിലുള്ള 150 തടവുകാരെയാണ് മോചിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ധനം ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ വെടിനിര്‍ത്തല്‍ കാലയളവില്‍ ഗാസയില്‍ എത്തിക്കും. ഈജിപ്തുമായുള്ള റഫാ അതിര്‍ത്തി വഴിയാണ് സഹായങ്ങളുമായുള്ള വാഹനങ്ങള്‍ ഗാസയിലേക്ക് പോകുക.
രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനും പ്രശ്നങ്ങള്‍ പരിഹരിച്ച് ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുമുള്ള നയതന്ത്രശ്രമങ്ങള്‍ തുടരുമെന്ന് അറിയിച്ച ഖത്തര്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാനായി നടത്തിയ പരിശ്രമങ്ങള്‍ക്ക് ഈജിപ്തിനെയും അമേരിക്കയെയും അഭിനന്ദിച്ചു.
വെടിനിര്‍ത്തല്‍ കാര്യത്തില്‍ ധാരണയിലെത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചു. മന്ത്രിസഭ വോട്ടിനിട്ടാണ് വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയത്. മൂന്നിനെതിരെ 35 വോട്ടുകള്‍ക്കാണ് മന്ത്രിസഭ തീരുമാനം അംഗീകരിച്ചത്.ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്), മൊസാദ്, ഷിന്‍ ബെത് എന്നിവര്‍ വെടിനിര്‍ത്തലിനെ അനുകൂലിച്ചു.
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഏലി കോഹെന്‍ സൈനിക റേഡിയോയോട് പറഞ്ഞു. വിദേശ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ ധാരണയെന്നും ഖത്തറിന്റെ പേര് പറയാതെ അദ്ദേഹം പറഞ്ഞു.