ഗാസ സിറ്റി: ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടു പോയി ഗാസയില്‍ ബന്ദികളാക്കിയവരില്‍ രണ്ട് യുഎസ് വനിതകളെ ഹമാസ് മോചിപ്പിച്ചു. യുഎസ് പൗരന്മാരായ ജൂഡിത് റാനന്‍( 59), മകള്‍ നേറ്റില റാനന്‍(18) എന്നിവരെയാണ് മോചിപ്പിച്ചത്. ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് ശേഷം പിടിച്ചുകൊണ്ടു പോയ ഇരുനൂറോളം പേരില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. ഇരുവരും വെള്ളിയാഴ്ച രാത്രിയോടെ ഇസ്രയേലില്‍ തിരിച്ചെത്തിയതായി ഇസ്രയേല്‍ സര്‍ക്കാര്‍ അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ 'മാനുഷിക പരിഗണന'വച്ചാണ് മോചന തീരുമാനമെന്ന് ഹമാസ് പറഞ്ഞു.
ഇരുവരുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യുഎസ് വനിതകളുടെ മോചനത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ സന്തോഷം രേഖപ്പെടുത്തി. സ്വതന്ത്രരായതിനു പിന്നാലെ ബൈഡന്‍ അമ്മയോടും മകളോടും ഫോണില്‍ സംസാരിച്ചു. കുടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറും ഈജിപ്തുമായി ചര്‍ച്ച നടക്കുകയാണെന്ന് ഹമാസ് അറിയിച്ചു.
ഗാസയിലെ റെഡ് ക്രോസ് സംഘത്തിന് ഹമാസ് കൈമാറിയ ജൂഡിത്തിനെയും നേറ്റിലയേയും പിന്നീട് ഇസ്രയേലിന്റെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇവിടെ ഇവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നതായാണ് വിവരം. ഒക്ടോബര്‍ ഏഴിന് ഗാസ അതിര്‍ത്തിയില്‍നിന്നാണ് അമ്മയേയും മകളേയും ഹമാസ് തട്ടിക്കൊണ്ടുപോയത്. ഇരുവരും ഇസ്രയേലില്‍ അവധിയാഘോഷത്തിലായിരുന്നു. ബൈഡന്റെ ഇസ്രയേല്‍ സന്ദര്‍ശനം കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് അമേരിക്കന്‍ വനിതകളുടെ മോചനം.
മകളുമായി ഫോണില്‍ സംസാരിച്ചെന്നും അവള്‍ ഏറെ സന്തോഷവതിയാണെന്നും നേറ്റിലയുടെ പിതാവ് യുറി നാനന്‍ യുഎസിലെ ഇല്ലിനോയിസില്‍ പറഞ്ഞു. തങ്ങളുടെ കുടുംബാംഗങ്ങളെ വിട്ടയച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഇപ്പോഴും ബന്ദികളായി കഴിയുന്നവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എല്ലാവരുടെയും മോചനത്തിനായുള്ള ശ്രമം തുടരുമെന്നും നേറ്റിലയുടെ അമ്മാവന്‍ അറിയിച്ചു.
അതേസമയം, വടക്കന്‍ ഗാസയിലെ സഹറ മേഖല അപ്പാടെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തു. ഗാസ സിറ്റിയില്‍ നൂറുകണക്കിനുപേര്‍ അഭയം തേടിയിരുന്ന ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയും തകര്‍ത്തു. കരയാക്രമണത്തിന് ഗാസയിലേക്കു കടക്കാനുള്ള ഉത്തരവ് ഉടനെത്തുമെന്ന് അതിര്‍ത്തിയിലെ സൈനികരെ സന്ദര്‍ശിച്ച ഇസ്രയേല്‍ പ്രതിരോധമന്ത്രി യയാവ് ഗലാന്റ് അറിയിച്ചു. ഇതിനിടെ, കയ്‌റോയില്‍ ഇന്നു നടക്കുന്ന സമാധാന ഉച്ചകോടിയില്‍ മഹ്മൂദ് അബ്ബാസിനും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും പുറമേ 14 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും പങ്കെടുക്കും.
പാലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു; ഇവരില്‍ 1500 കുട്ടികളുണ്ട്. പരിക്കേറ്റവര്‍ 13,000. ഒറ്റദിവസം മാത്രം 659 പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ 23 ലക്ഷം ജനങ്ങളില്‍ 10 ലക്ഷത്തോളം പേര്‍ ഇതിനകം ഭവനരഹിതരായതായി യുഎന്‍ അറിയിച്ചു.