കൊച്ചി: മനുഷ്യാവകാശ ലംഘനങ്ങളോടും അഴിമതിയോടുമുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാട് മാറണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജിയും കര്‍ണാടക ലോകായുക്ത ചെയര്‍പേഴ്സണുമായിരുന്ന ജസ്റ്റീസ് എന്‍. സന്തോഷ് ഹെഗ്ഡെ. തമ്മനം-പുല്ലേപ്പടി റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന്റെ (എച്ച്ആര്‍പിഎം) ദേശീയ അഡ്മിനിസ്ട്രേഷന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പണത്തിലും മണി പവറിലുമാണ് ഇന്നത്തെ സമൂഹം കീഴ്പ്പെട്ടിരിക്കുന്നത്. പണത്തോടുള്ള ആര്‍ത്തിയില്‍ എന്ത് ചെയ്തും സമ്പന്നരാകാനുള്ള ഓട്ടത്തിലാണവര്‍. നിയമത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്ന് പണം സമ്പാദിക്കുന്നതില്‍ തെറ്റില്ല. മറ്റുള്ളവന്റെ പോക്കറ്റില്‍ നിന്ന് പണം അപഹരിച്ച് സമ്പന്നനാകാനുള്ള ശ്രമങ്ങളാണ് എതിര്‍ക്കപ്പെടേണ്ടത്.
ടുജി സ്പെക്ട്രം, ബൊഫോഴ്സ്, കോമണ്‍വെല്‍ത്ത്, റാഫേല്‍ തുടങ്ങി കഴിഞ്ഞ 50-60 വര്‍ഷത്തിനിടെ അര ഡസണ്‍ അഴിമതികളിലൂടെ മാത്രം ലക്ഷക്കണക്കിന് കോടി രൂപയാണ് ഖജനാവിന് നഷ്ടമായത്. ഇതിന്റെയൊക്കെ ഉത്തരവാദിത്വം ആരേറ്റെടുക്കും. ചെറിയ ശതമാനം ആളുകള്‍ മാത്രമേ അഴിമതി ക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നുള്ളൂ. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ഇവരെ ആള്‍ക്കൂട്ടം ഹാരമണിയിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിക്കുന്നു. എന്ത് സന്ദേശമാണ് ഇത്തരക്കാര്‍ സമൂഹത്തിന് നല്‍കുന്നതെന്നും ഹെഗ്ഡെ ചോദിച്ചു.
എച്ച്ആര്‍പിഎം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡൈ്വസറി ബോര്‍ഡ് സെക്രട്ടറി ഡോ.ബി. ലക്ഷ്മികാന്തം വെബ്സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ദേശീയ സെക്രട്ടറി സി.എസ്. രാധാമണിയമ്മ, ട്രഷറര്‍ എം.വി. ഗോപിനാഥന്‍ നായര്‍, മുന്‍ ജില്ലാ ജഡ്ജിയും എച്ച്ആര്‍പിഎം അഡൈ്വസറി ബോര്‍ഡ് അംഗവുമായ ലംബോധരന്‍ വയലാര്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഗീത എസ്. നായര്‍, എച്ച്ആര്‍പിഎം ദേശീയ വൈസ് പ്രസിഡന്റ് പ്രവീണ്‍ മേനോന്‍, എക്സിക്യൂട്ടീവ് അംഗം കെ.മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.