ഗാസ സിറ്റി: ഗാസയില്‍ കുടുങ്ങിയ ഇന്ത്യക്കാരായ അമ്മയെയും മകളെയും രക്ഷപ്പെടുത്തി സുരക്ഷിതമായി ഈജിപ്തിലെത്തിച്ചു. കശ്മീര്‍ സ്വദേശികളായ ലുബ്‌ന നസീര്‍ ഷബൂ, മകള്‍ കരിമ എന്നിവരെയാണ് റാഫ അതിര്‍ത്തി കടത്തി ഈജിപ്തിലെത്തിച്ചത്. ഇന്ത്യന്‍ ദൗത്യസംഘത്തിന്റെ സഹായത്തോടെയാണ് ഇവരെ രക്ഷിച്ചതെന്ന് ലുബ്‌ന നസീര്‍ ഷബുവിന്റെ ഭര്‍ത്താവ് നദാല്‍ ടോമന്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അതിര്‍ത്തി കടന്നതെന്നും അവര്‍ ഈജിപ്തിലെ എല്‍ അരിഷ് നഗരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഇവര്‍ കയ്‌റോ നഗരത്തിലെത്തും.
ഗാസയില്‍ കുടങ്ങിക്കിടന്നവരെ പുറത്തെത്തിക്കുന്നതിനും ഭക്ഷണമുള്‍പ്പെടെയുള്ള സഹായങ്ങള്‍ വിതരണം ചെയ്യുന്നതിനുമാണ് റാഫ അതിര്‍ത്തി തുറന്ന് നല്‍കിയത്. വിദേശികളെയും പരിക്കേറ്റവരെയുമുള്‍പ്പെടെ അതിര്‍ത്തിയിലൂടെ പുറത്തെത്തിച്ചു.
ഒക്ടോബര്‍ പത്തിനാണ് ലുബ്‌ന വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സഹായം അഭ്യര്‍ത്ഥിച്ചത്. അതേസമയം, ഗാസയില്‍ ഇസ്രയേല്‍ രൂക്ഷമായ ആക്രമണം തുടരുകയാണ്. ഇതിനകം
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗാസയില്‍ 11,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. ഗാസയിലെ അല്‍ ശിഫ ആശുപത്രിയുടെ പരിസരത്ത് 179 പേരുടെ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിച്ചതായി ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സല്‍മിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഏഴ് കുട്ടികളുടെയും 29 രോഗികളുടെയും മൃതദേഹങ്ങള്‍ ഉള്‍പ്പെടെയാണ് സംസ്‌കരിച്ചത്. ആശുപത്രിയിലേക്കുള്ള ഇന്ധന വിതരണവും വൈദ്യുതിയും നിലച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ശക്തമായ വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ആശുപത്രിക്കുള്ളില്‍ രോഗികളും ആരോഗ്യ പ്രവര്‍ത്തകരുമടക്കം പതിനായിരത്തിലധികം ആളുകള്‍ രക്ഷപ്പെടനാകാതെ കുടുങ്ങിയിട്ടുണ്ടാകാന്‍ സാധ്യതയുള്ളതായി യു.എന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച അല്‍ ശിഫ ആശുപത്രിയുടെ ഗേറ്റുകളില്‍ ടാങ്കുകളുമായി ഇസ്രയേല്‍ സൈന്യം 72 മണിക്കൂറോളം ഉപരോധം തീര്‍ത്തിരുന്നു. അതിനിടെ, ഗാസയിലെ കുട്ടികളുടെ ആശുപത്രിയില്‍ ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതായും ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായും ഇസ്രയേല്‍ സൈന്യം ആരോപിച്ചു. അല്‍ - റാന്റിസി ആശുപത്രിയില്‍ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ആശുപത്രിയും പരിസരങ്ങളും നിയന്ത്രണത്തിലാക്കി ഹമാസ് ഇസ്രയേലിനെതിരെ അക്രമം നടത്തുന്നുവെന്നാണ് ഐ.ഡി.എഫ്. ആരോപിക്കുന്നത്.