കൊച്ചി:ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ക്രൈസ്തവ മതപണ്ഡിതനെ വധിക്കാനും പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് അറസ്റ്റിലായ തൃശൂര്‍ സ്വദേശി നബീല്‍ അഹമ്മദ് ആണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തതെന്ന് എന്‍ ഐ എ വ്യക്തമാക്കുന്നു. നബീലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. പെറ്റ് ലവേഴ്‌സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകള്‍ നടത്തിയത്. ക്രൈസ്തവ മതപണ്ഡിതനെ വധിക്കാന്‍ പദ്ധതിയിട്ട സംഘം, തങ്ങളുടെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ തൃശൂര്‍-പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പദ്ധതി തയ്യാറാക്കിയെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. നേരത്തെ ഖത്തറിലുണ്ടായിരുന്ന നബീല്‍ ഇവിടെ വച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള ആലോചന തുടങ്ങിയത്. കേരളത്തില്‍ തങ്ങളുടെ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കാനും നബീലിന്റെ നേതൃത്വത്തില്‍ പദ്ധതിയിട്ടിരുന്നു.