ടെല്‍അവീവ്: വടക്കന്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിനെത്തുടര്‍ന്ന് ആളുകളുടെ കൂട്ട പലായനം തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാല് ലക്ഷംപേര്‍ പലായനം ചെയ്തതായാണ് ഔദ്യോഗിക കണക്ക്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളുടെ അടക്കം പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലാണ്. പലയിടത്തും 24 മണിക്കൂര്‍ നേരം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം മാത്രമണ് അവശേഷിക്കുന്നത്. അതിനിടെ പാലസ്തീനില്‍ കുടുങ്ങിയ വിദേശികളെ ഉള്‍പ്പെടെ ഒഴിപ്പിക്കുന്നതിനായി ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും. കരയുദ്ധത്തിന് തയ്യാറായി അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം തുടരുകയാണ്. ഇരുപക്ഷത്തുമായി ഇതുവരെ 3900ത്തോളം ആളുകള്‍ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരായ ചൈനീസ് നീക്കം നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ വൃത്തങ്ങള്‍ പറഞ്ഞു. ഇറാന്‍ ഇടപെട്ടാലുള്ള വന്‍ സംഘര്‍ഷ സാധ്യതയ്ക്ക് ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞു. ചൈന ഇറാനെ സഹായിച്ചേക്കാമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഇസ്രയേല്‍ പ്രതിരോധ പരിധി കടന്നെന്ന് ചൈന പ്രസ്താവിച്ചിരുന്നു. സ്ഥിതി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ അദ്ധ്യക്ഷതയിലെ യോഗം വിലയിരുത്തിയിരുന്നു. അതേസമയം, ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. നാസികള്‍ ചെയ്തത് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ചൈന ഇടപെടണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.