ബംഗളുരു: ഇന്ത്യയുടെ സൗര ദൗത്യം ആദിത്യ എല്‍1 ഭൂമിയുടെ സ്വാധീനവലയത്തിന് പുറത്തെത്തിയതായി ഐഎസ്ആര്‍ഒ. ഭൂമിയില്‍നിന്ന് 9.2 ലക്ഷം കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത ആദിത്യ ഇപ്പോള്‍ സൂര്യനും ഭൂമിക്കുമിടയിലുള്ള ഒന്നാം ലെഗ്രാഞ്ചെ ബിന്ദുവിലേക്കുള്ള യാത്രയിലാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണിത്. ഇവിടെനിന്ന് തടസ്സമോ മറവോ കൂടാതെ സൂര്യനെ തുടര്‍ച്ചയായി വീക്ഷിക്കാനും പഠിക്കാനും കഴിയും.
സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് 1480.7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എല്‍വി എക്‌സ്എല്‍സി57 റോക്കറ്റ് കുതിച്ചുയര്‍ന്നത്. പിഎസ്എല്‍വി എക്‌സ്എല്‍സി 57 റോക്കറ്റ് ആദിത്യയെ വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ചു. വിക്ഷേപിച്ച് 64 മിനിറ്റിന് ശേഷം 648.7 കിലോമീറ്റര്‍ ദൂരത്തുവച്ചാണ് ആദിത്യ വേര്‍പെട്ടത്. സൗര അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും 5 വര്‍ഷത്തോളം പഠിക്കും. വിവിധ പഠനങ്ങള്‍ക്കായി വെല്‍ക്, സ്യൂട്ട്, സോളക്‌സ്, ഹെലിയസ്, അസ്‌പെക്‌സ്, പാപ, മാഗ് എന്നീ 7 പേലോഡുകള്‍ ആദിത്യയിലുണ്ട്. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.