മാനന്തവാടി: വയനാട് മാനന്തവാടിയില്‍ തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകള്‍ മരിച്ചു. പരിക്കേറ്റ മൂന്നുപേരെ വയനാട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരുടെയും നില അതീവ ഗുരുതരമാണ്.12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ ബാബു, റാബിയ, മേരി, വസന്ത എന്നിവരാണ് മരിച്ച എട്ടുപേര്‍. മരിച്ച ഒരാളെ തിരിച്ചറിഞ്ഞില്ല. ലത, ഉമാദേവി, ഡ്രൈവര്‍ മണി എന്നിവരാണ് ചികിത്സയിലുള്ളത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക വിവരം. ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടന്നത്. പൊലീസും ഫയര്‍ഫോഴ്സും പിന്നീട് സ്ഥലത്തെത്തി. മന്ത്രി എ.കെ ശശീന്ദ്രന്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും രാഹുല്‍ഗാന്ധി
എംപിയും അനുശോചിച്ചു
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവരുടെ ചികിത്സയടക്കം മറ്റു അടിയന്തര കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി എ.കെ.ശശീന്ദ്രനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാനന്തവാടിയില്‍ തേയില തൊഴിലാളികളുടെ ജീവന്‍ അപഹരിച്ച ജീപ്പ് അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി എംപി ഫേസ്ബുക്കില്‍ കുറിച്ചു. ജില്ലാ അധികാരികളുമായി സംസാരിച്ചതായും വേഗത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നും അപകടത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ കുറിച്ചു.