കൊച്ചി: കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കാക്കനാട് ജില്ലാ ജയിലിലാക്കി. അഭിഭാഷകന്റെ സഹായം വേണ്ടെന്നും സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും ഡൊമിനിക് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചു. മാര്‍ട്ടിന്റെ വാദം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതി ഇല്ലെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. തിരിച്ചറിയല്‍ പരേഡിനു ശേഷം പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
ഇന്ന് രാവിലെ പൊലീസ് മാര്‍ട്ടിനെ അത്താണിയിലുള്ള മാര്‍ട്ടിന്റെ ഫ്‌ളാറ്റിലും സ്‌ഫോടനം നടന്ന സമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
സ്‌ഫോടനം പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. 30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മാര്‍ട്ടിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊലക്കുറ്റം, വധശ്രമം, ജീവഹാനിക്കും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമാകുന്ന തരത്തിലുള്ള സ്ഫോടനമുണ്ടാക്കല്‍, ജീവഹാനിക്ക് കാരണമാകുന്ന ഭീകര പ്രവര്‍ത്തനം, നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമം,യുഎപിഎ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.