തിരുവനന്തപുരം: സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവും തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറുമായ എന്‍.ഭാസുരാംഗനെ ഇ ഡി കസ്റ്റഡിയില്‍ എടുത്തതായി സൂചന. ഇ ഡി റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാസുരാംഗന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന 24 മണിക്കൂര്‍ കഴിഞ്ഞിട്ടും തുടരുകയാണ്. ഇതിനിടെ ഭാസുരാംഗനെ പുരത്താക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ച ചേരുന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് തീരുമാനമെടുക്കും. കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതായാണ് വിവരം.
ഇന്നലെ പുലര്‍ച്ചെയാണ് ഭാസുരാംഗന്റെയും സെക്രട്ടറിമാരുടെയും വീടുകളില്‍ ഉള്‍പ്പെടെ ഏഴിടത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന തുടങ്ങിയത്. എന്‍.ഭാസുരാംഗന്‍, മുന്‍ സെക്രട്ടറിമാരായ എസ്. ശാന്തകുമാരി, എം. രാജേന്ദ്രന്‍, കെ മോഹനചന്ദ്ര കുമാര്‍, മാനേജര്‍ എസ്. ശ്രീഗാര്‍, അപ്രൈസര്‍ കെ.അനില്‍കുമാര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന.
ജീവനക്കാര്‍ക്ക് അനധികൃതമായി ശമ്പളം നല്‍കി, മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികള്‍ വായ്പ നല്‍കി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. 173 കോടി രൂപ നിക്ഷേപകര്‍ക്ക് നല്‍കാനുണ്ട്. 69 കോടി രൂപ മാത്രമാണ് വായ്പയിനത്തില്‍ തിരികെ ലഭിക്കാനുള്ളത്.