കണ്ണൂര്‍ : കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടിവ് ട്രെയിനിന് തീ വച്ചത് പൊലീസ് കസ്റ്റഡിയിലുള്ള പ്രസൂണ്‍ ജിത് സിക്തര്‍(40)ആണെന്ന് ഉത്തര മേഖലാ ഐ ജി നീരജ് കുമാര്‍ ഗുപ്ത. ഉടന്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു. മാനസിക അസ്വാസ്ഥ്യമുള്ള ഇയാള്‍ ഭിക്ഷയെടുത്താണ് കഴിഞ്ഞിരുന്നത്. കൊല്‍ക്കത്തയിലും മുംബേയിലും വെയിറ്ററായി ജോലി ചെയ്തിരുന്ന ഇയാള്‍ കേരളത്തിലെത്തിയ ശേഷം മൂന്ന് ദിവസം മുമ്പാണ് തലശ്ശേരിയില്‍ നിന്ന് കാല്‍നടയായി കണ്ണൂരിലെത്തിയത്. ഭിക്ഷയെടുക്കാന്‍ അനുവദിക്കാത്തതിലെ പ്രകോപനമാണ് തീ വയ്പ്പിന് പിന്നിലെന്നാണ് ഇയാള്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറയുന്നു. ബീഡി വലിക്കുന്ന സ്വഭാവമുള്ള ഇയാള്‍ അതിനുപയോഗിക്കുന്ന തീപ്പെട്ടി ഉപയോഗിച്ചാണ് തീകൊളുത്തിയത്. ഒരാള്‍ മാത്രമാണോ കൃത്യത്തിന് പിന്നിലെന്നതടക്കം പരിശോധിച്ച് വരികയാണെന്ന് ഉത്തര മേഖല ഐ ജി നീരജ് കുമാര്‍ ഗുപ്ത അറിയിച്ചു. എലത്തൂരില്‍ ട്രെയിനിന് തീവച്ച സംഭവവുമായി ഈ കേസിന് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല. സിക്തറിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കണ്ണൂര്‍ സിറ്റി പൊലീസ് സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം് കൊല്‍ക്കത്തയിലെത്തിയയിട്ടുണ്ട്.