Header ads

CLOSE

ഡോ.വി.വേണു ചീഫ് സെക്രട്ടറി; ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൊലീസ് മേധാവി

ഡോ.വി.വേണു ചീഫ് സെക്രട്ടറി; ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൊലീസ് മേധാവി

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനെയും ഡിജിപി ആയി  ഫയര്‍ ഫോഴ്‌സ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2024 ഓഗസ്റ്റ് 31 വരെ വേണുവിനും 2024 ജൂലായ് 31 വരെ ഷെയ്ഖ് ദര്‍വേഷ് സാഹിബിനും സര്‍വീസുണ്ട്.
ആലപ്പുഴ പൂന്തുറ സ്വദേശി വാസുദേവപ്പണിക്കരുടെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. പി.ടി.രാജമ്മയുടെയും മകനായ ഡോ. വി.വേണു തൃശൂര്‍ അസിസ്റ്റന്റ് കളക്ടറായാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്. 
ആഭ്യന്തര, വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പിന്റെ അധികച്ചുമതല, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാല്‍) മാനേജിംഗ് ഡയറക്ടര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, എക്സൈസ് കമ്മീഷണര്‍, ഭക്ഷ്യ-സിവില്‍ സപ്ലൈസ് സെക്രട്ടറി, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ഭാര്യ. കല്യാണി, ശബരി എന്നിവര്‍ മക്കളാണ്. 
1990 ബാച്ചിലെ ഐപിഎസ് ഓഫിസറായ ഷെയ്ഖ് ദര്‍വേഷ് സാഹിബ് കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് ആണ് സര്‍വീസ് ആരംഭിച്ചത്. വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്പിയായും എംഎസ്പി, കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാന്‍ഡന്റ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എഡിസിയായും ഐക്യരാഷ്ട്ര സംഘടന മിഷന്റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അക്കാദമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്. കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എംബിഎയും നേടി.
2016ല്‍ വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലും 2007ല്‍ സ്തുത്യര്‍ഹസേവനത്തിന് ഇന്ത്യന്‍ പൊലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിംഗ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയാണ്. ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ.അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കള്‍. മരുമകന്‍ മുഹമ്മദ് ഇഫ്‌ത്തേക്കര്‍.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads