മുംബൈ: 17 വയസ്സുകാരിയായ മലയാളി പെണ്‍കുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും അതിലൊരാളുടെ കാമുകനും ചേര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് പീഡിപ്പിച്ചതായി പരാതി. മാവേലിക്കരയില്‍ കുടുംബവേരുള്ള കുര്‍ള നിവാസിയായ നഴ്‌സാണ് മകളെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയത്. രണ്ട് വര്‍ഷം മുന്‍പ് നടന്ന പീഡനത്തെക്കുറിച്ച് ഏറെനാള്‍ നീണ്ട കൗണ്‍സലിങ്ങിനൊടുവിലാണ് പെണ്‍കുട്ടി ഈയിടെ വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. പന്ത്രണ്ടാം വയസ്സില്‍ കുട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടതാണ്. തുടര്‍ന്ന്, ഏറെക്കാലമായി പരിചയമുള്ള സുഹൃത്തിന് അമ്മയും മകളും മാത്രമുള്ള കുര്‍ളയിലെ ഫ്‌ളാറ്റില്‍ 2019 മുതല്‍ 2022 വരെ അഭയം നല്‍കി. ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും അമ്മ ഡ്യൂട്ടിക്ക് പോയ വേളയില്‍ മകള്‍ക്ക് മദ്യം നല്‍കിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഒരിക്കല്‍ ഇവരില്‍ ഒരാളുടെ പുരുഷസുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. നഗ്‌ന ഫോട്ടോകളും വിഡിയോകളും പകര്‍ത്തിയ പ്രതികള്‍ ഇതേക്കുറിച്ച് പുറത്തുപറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്നും ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം കുട്ടി കടുത്ത മാനസികസംഘര്‍ഷത്തിലായി. മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ ആദ്യം നവിമുംബൈയിലും പിന്നീട് നാട്ടില്‍പോയ വേളയില്‍ അവിടെയും കൗണ്‍സലിങ്ങിനു കൊണ്ടുപോയി. സംഭവിച്ച കാര്യങ്ങള്‍ അപ്പോഴാണ് കുട്ടി തുറന്നു പറഞ്ഞതെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കൗണ്‍സലിങ് സ്ഥാപനം കേരള പൊലീസിലും ചൈല്‍ഡ്ലൈനിലും വിവരം അറിയിച്ചു. പീഡനം നടന്നത് മുംബൈയിലായതിനാല്‍ കുര്‍ള പൊലീസ് സ്റ്റേഷനിലേക്ക് കൊല്ലം പൊലീസ് കേസ് കൈമാറുകയായിരുന്നു.സംഭവത്തില്‍ ഉടന്‍ കേസെടുക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് അഭിഭാഷകന്‍ തന്‍വീര്‍ നിസാമും പറഞ്ഞു.