തിരുവനന്തപുരം: സംസ്ഥാനത്ത് 15 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. നാളെ തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്. അടുത്ത നാലുദിവസംവരെ കേരളം- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍വരെയും ചിലയവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെയും വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.