അഞ്ചല്‍: ഒരാഴ്ച മുമ്പ് വീട്ടില്‍ നിന്ന് കാണാതായ യുവാവിനെ മറ്റൊരു സ്ഥലത്ത് ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അഞ്ചല്‍ ഏറം, ഒറ്റത്തെങ്ങ് വയലിറക്കത്ത് വീട്ടില്‍ ജലാലിന്റെ മകന്‍ സജിന്‍ഷാ(22)യാണ് മരിച്ചത്. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സജിന്‍ഷായുമായി അടുപ്പമുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കളുടെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് ജലാല്‍ പൊലീസില്‍ പരാതി നല്‍കി. ഇന്ന് രാവിലെയാണ് കരവാളൂരിന് സമീപം പുത്തൂത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ സജിന്‍ഷായുടെ മൃതദേഹം കണ്ടെത്തിയത്. പുനലൂര്‍ പൊലീസ് പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി താലൂക്കാശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പുനലൂര്‍ എസ് എച്ച് ഒ ടി രാജേഷ്‌കുമാര്‍ പറഞ്ഞു. ഡ്രൈവറായ സജിന്‍ഷാ പത്തടി സ്വദേശിയായ ഒരു യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും ഇതേച്ചൊല്ലി ഇരു വീട്ടുകാരം തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ബന്ധുക്കളും പൊലീസും പറയുന്നു. സജിന്‍ഷാ ഈ യുവതിയുമായി നാട് വിടാന്‍ തീരുമാനിച്ചിരുന്നതായും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഇതിനിടെ 19ന് രാത്രി യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ സജിന്‍ഷായുടെ വീട്ടില്‍ അന്വേഷിച്ചെത്തിയിരുന്നു. വീട്ടിലെത്തിയ ബന്ധുക്കള്‍ സജിന്‍ഷായേയും യുവതിയേയുംകാണാത്താതിനാല്‍ മകനെ വച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തി മടങ്ങിയതായി പിതാവ് ജലാല്‍ പറയുന്നു. പിന്നാലെ മകനെ കാണാനില്ലെന്ന് കാട്ടി ജലാല്‍ അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കി. അഞ്ചല്‍ പൊലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ഇന്ന് രാവിലെ സജിന്‍ഷായുടെ മൃതദേഹം കിണറ്റില്‍ കണ്ടതായി വിവരം ലഭിച്ചത്. വീട്ടില്‍ നിന്ന് കാണാതായ ദിവസം രാത്രി കരവാളൂരിലെ ആളൊഴിഞ്ഞ വീടിന്റെ ടെറസില്‍ വച്ച് സജിന്‍ഷായും ചില സുഹൃത്തുക്കളും മദ്യപിച്ചിരുന്നതായി വിവരം ലഭിച്ചെന്ന് പുനലൂര്‍ എസ് എച്ച് ഒ പറഞ്ഞു. അമിതമായി മദ്യപിച്ചെങ്കിലും സജിന്‍ഷാ ഓഴികെയുള്ളവര്‍ രാത്രി തന്നെ അവിടെ നിന്ന് പോയി. അടുത്ത ദിവസം പ്രണയിക്കുന്ന യുവതിയെ കൂട്ടി ബംഗളുരുവിലേയ്ക്ക് പോകുമെന്ന് പറഞ്ഞിരുന്നതിനാല്‍ സജിന്‍ഷായെ സുഹൃത്തുക്കള്‍ അന്വേഷിച്ചില്ല. ഇത്രയധികം ദിവസമായിട്ടും സജിന്‍ഷായെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിനാല്‍ സുഹൃത്തുക്കള്‍ വീണ്ടും കരവാളൂരിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.