റബാത്ത്: വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,021 ആയി. പരിക്കേറ്റ രണ്ടായിരത്തിലേറെ ആളുകളില്‍ 1,404 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ആശുപത്രികള്‍ ശവശരീരങ്ങള്‍കൊണ്ടു നിറഞ്ഞു. പല കുടുംബങ്ങളും പൂര്‍ണമായും ഇല്ലാതായി. ഭക്ഷണസാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്.
മധ്യമേഖലയിലെ മാരിക്കേഷ് നഗരത്തില്‍ നിന്ന് 72 കിലോമീറ്റര്‍ മാറി ഹൈ അറ്റ്‌ലസ് പര്‍വത മേഖലയിലെ അമിസ്മിസ് ഗ്രാമമാണ് 6.8 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടുത്തെ ഗ്രാമങ്ങളെല്ലാം തകര്‍ന്നടിഞ്ഞു. അസ്‌നി എന്ന ഗ്രാമം പൂര്‍ണമായും ഇല്ലാതായി. റോഡുകള്‍ തകര്‍ന്നതിനാല്‍ മേഖലയാകെ ഒറ്റപ്പെട്ടു.
ഭൂകമ്പം മൂന്ന് ലക്ഷത്തോളം ആളുകളെ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. ഇന്ത്യക്കാരാരും ദുരന്തത്തില്‍ ഉള്‍പ്പെട്ടതായി വിവരം കിട്ടിയിട്ടില്ലെന്ന് റബാത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
വിവിധ രാജ്യങ്ങള്‍ മൊറോക്കോയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. മൊറോക്കോയുമായി ശത്രുതയിലാണെങ്കിലും സമീപരാജ്യമായ അല്‍ജീരിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിമാനത്താവളങ്ങള്‍ തുറന്നുകൊടുത്തു. സ്‌പെയിനിനും ഫ്രാന്‍സും സഹായങ്ങള്‍ എത്തിച്ചുതുടങ്ങി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മൊറോക്കോയിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് ജി20 ഉച്ചകോടിയില്‍ മോദി പറഞ്ഞു. മൊറോക്കോയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.