Header ads

CLOSE

ബെന്നു ഛിന്നഗ്രഹ സാമ്പിളുകള്‍ ഭൂമിയില്‍: ഒസരിസ് റെക്സ് ദൗത്യം വിജയം; പൂര്‍ത്തിയായത് 7 വര്‍ഷം നീണ്ട നാസയുടെ ദൗത്യം

ബെന്നു ഛിന്നഗ്രഹ  സാമ്പിളുകള്‍ ഭൂമിയില്‍: ഒസരിസ് റെക്സ് ദൗത്യം വിജയം; പൂര്‍ത്തിയായത് 7 വര്‍ഷം നീണ്ട  നാസയുടെ ദൗത്യം

ബെന്നുവില്‍ നിന്നുള്ള സാമ്പിള്‍ അടങ്ങിയ കാപ്‌സ്യൂള്‍ യൂട്ടായിലെ സൈനിക കേന്ദ്രത്തില്‍  


വാഷിങ്ടണ്‍: ഭൂമിയില്‍നിന്ന് എട്ടു കോടി കിലോമീറ്റര്‍ അകലെയുള്ള ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച കല്ലും മണ്ണും ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ നാസ ഭൂമിയിലെത്തിച്ചു. ഛിന്നഗ്രഹത്തില്‍നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള നാസയുടെ പ്രഥമദൗത്യമായ ഒസിരിസ് റെക്‌സ് ആണ് സാമ്പിളുകളുമായി യുഎസിലെ യൂട്ടാ മരുഭൂമിയിലെ ടെസ്റ്റ് റേഞ്ചില്‍ വിജയകരമായി തിരികെയിറങ്ങിയത്. 

bennu 2avif-1
ബെന്നു   
ഞായറാഴ്ച രാത്രി 8.12-ന് സാമ്പിള്‍ റിട്ടേണ്‍ കാപ്സ്യൂളുമായി പോടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചു. അതിവേഗം ഭൂമിയിലേക്ക് വന്നുകൊണ്ടിരുന്ന പേടകത്തിന്റെ വേഗം ഡ്രോഗ് പാരച്യൂട്ട് വിന്യസിച്ചാണ് നിയന്ത്രിച്ചത്. 8.18-ന് വലിയ പ്രധാന പാരച്യൂട്ട് ഉയരുകയും 8.23-ന് കാപ്സ്യൂള്‍ സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങുകയും ചെയ്തു. ബെന്നുവില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്‌സ്യൂളിലുണ്ടായിരുന്നത്. ഹെലികോപ്ടറിലെത്തിയ റിക്കവറി സംഘം വിശദമായ പരിശോധനകള്‍ക്ക് ശേഷം കാപ്‌സ്യൂള്‍ യൂട്ടായിലെ സൈനിക കേന്ദ്രത്തിലെത്തിച്ചു.
2016 സെപ്റ്റംബര്‍ എട്ടിനാണ് ഒസിരിസ് റെക്സ് എന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചത്. അറ്റ്‌ലസ് വി റോക്കറ്റിലായിരുന്നു വിക്ഷേപണം. 2018 ല്‍ ഒസിരിസ് റെക്‌സ് ബെന്നുവിനെ ചുറ്റുന്ന ഭ്രമണ പഥത്തിലെത്തി. ബെന്നുവിനെ ചുറ്റിക്കറങ്ങിയ പേടകം ഒരുമാസം കൊണ്ട് ബെന്നുവിന്റെ ആകൃതിയും പിണ്ഡവും അളന്നു. ഒരു ബഹിരാകാശ പേടകം ചുറ്റിനിരീക്ഷിച്ച ഏറ്റവും ചെറിയ ബഹിരാകാശ വസ്തുവാണ്  ഒസിരിസ് റെക്‌സ്.
2020 ഒക്ടോബറില്‍  ഒസിരിസ് റെക്‌സ് ബെന്നുവിനെ തൊട്ടു. ഛിന്നഗ്രഹത്തെ സ്പര്‍ശിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ പറന്നുയരുന്ന 'ടച്ച് ആന്‍ഡ് ഗോ' രീതിയിലായിരുന്നു ദൗത്യം രൂപകല്‍പന ചെയ്തിരുന്നത്. പേടകം ബെന്നുവിന്റെ ഉപരിതലത്തില്‍ സ്പര്‍ശിച്ച ഉടന്‍ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ ഉപരിതലം ചിതറിത്തെറിച്ചത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ഇതിനിടയില്‍ പേടകം സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.

Bennu
ഒസിരിസ് റെക്‌സ് ബെന്നുവില്‍ ലാന്‍ഡ് ചെയ്യുന്നു   

പ്രധാന പേടകത്തിന് മുകളില്‍ ഘടിപ്പിച്ച ചെറിയൊരു കാപ്സ്യൂളിലാണ് സാമ്പിളുകള്‍ സൂക്ഷിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് ബെന്നുവില്‍ നിന്ന് പുറപ്പെട്ട  ഒസിരിസ് റെക്‌സ് എന്ന പ്രധാന പേടകം. ഇന്നലെ ഭൂമിയോട് അടുക്കുകയും സാമ്പിള്‍ ശേഖരിച്ച കാപ്സ്യൂള്‍ അതില്‍ നിന്ന് വേര്‍പെടുകയും ചെയ്തു. ഏഴ് വര്‍ഷം നീണ്ട ദൗത്യത്തില്‍ ബെന്നുവിലേക്കും തിരികെ ഭൂമിയിലേക്കുമായി ഏതാണ്ട് 6.2 ബില്യന്‍ കിലോമീറ്റര്‍ ഒസിരിസ് യാത്ര ചെയ്തു. 250 ഗ്രാം സാമ്പിളുകളാണ് പേടകത്തിലെത്തിച്ചത്. ഭൂമിക്ക് പുറത്ത്, ഛിന്നഗ്രഹത്തില്‍ ഇറങ്ങുകയും അവിടെനിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്ത ആദ്യദൗത്യമായിരുന്നു ഒസിരിസ് റെക്‌സ്. സൈനിക കേന്ദ്രത്തിലെ പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ വച്ച് പേടകം തുറന്ന് ഭൂമിയിലെ അന്തരീക്ഷം സാമ്പിളുകളെ സ്വാധീനിക്കാത്ത വിധം അവ പുറത്തെടുത്ത് ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററിലെത്തിക്കും. അവിടെ നിന്ന് പ്രാഥമിക വിവര ശേഖരണങ്ങള്‍ക്ക് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകര്‍ക്ക് പഠനങ്ങള്‍ക്കായി സാമ്പിളുകള്‍ വിതരണം ചെയ്യും. ഭൂമിയുള്‍പ്പെടെ ഗ്രഹങ്ങളുടെ രൂപീകരണം, സൗരയൂഥത്തിന്റെ ഉദ്ഭവം, ജീവന്റെ ഉല്‍പ്പത്തി എന്നിവയെപ്പറ്റിയെല്ലാം നിര്‍ണായക വിവരങ്ങള്‍ ബെന്നുവിലെ സാമ്പിളുകളില്‍നിന്നു ലഭിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads