ഇടുക്കി: ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. പട്ടയം അനുവദിക്കാത്ത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ജില്ലാ കളക്ടര്‍ക്ക് പുറമെ സബ് കളക്ടറും ആര്‍.ഡി.ഒയും ഉള്‍പ്പെട്ടതാണ് സംഘം. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.
കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവി മതിയായ സുരക്ഷ ഒരുക്കണം. വനം, പൊതുമരാമത്ത്, തദ്ദേശ ഭരണവകുപ്പുകള്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
എന്നാല്‍, കാലങ്ങളായി കുടിയേറി കുടില്‍കെട്ടി താമസിക്കുന്നവരുടേയും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരുടേയും മെക്കിട്ട് കേറാന്‍ ദൗത്യസംഘത്തെ അനുവദിക്കില്ലെന്ന് എം.എം. മണി എം.എല്‍.എ. പറഞ്ഞു. നിയമവിരുദ്ധമായി ദൗത്യസംഘം പെരുമാറിയാല്‍ അവരെ തുരത്തും. ടാറ്റയുടേയും ഹാരിസണ്‍ മലയാളത്തിന്റേയും കൈയേറ്റമാണ് പരിശോധിക്കേണ്ടതെന്നും എം.എം. മണി പറഞ്ഞു.