കോഴിക്കോട്: ജില്ലയില്‍ പനി ബാധിച്ച രണ്ട് പേര് അസ്വാഭാവികമായി മരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. നിപ സംശയത്തില്‍ ചികിത്സയിലുള്ള മൂന്നുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഓഗസ്റ്റ് 30ന് ആദ്യം മരിച്ച മരുതോങ്കര സ്വദേശിയുടെ നാലും ഒമ്പതും വയസുള്ള രണ്ട് മക്കളും ഒരു ബന്ധുവുമാണ് ചികിത്സയിലുള്ളത്. ഇതില്‍ മക്കളുടെ ആരോഗ്യസ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്. ഒമ്പതു വയസുകാരന് വെന്റിലേറ്ററിന്റെ സഹായത്താലാണ് കഴിയുന്നത്. ബന്ധുവായ 25 വയസുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. കളക്ടറേറ്റില്‍ ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അടിയന്തര യോഗംചേര്‍ന്നു. രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക ഉടന്‍ തയാറാക്കാന്‍ തീരുമാനിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രില്‍ മരിച്ച രണ്ടു പേര്‍ക്ക് നിപ സംശയിക്കുന്നതിനെത്തുടര്ന്നാണ് ഇത്. ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിച്ചതിനു ശേഷമേ നിപയാണോ എന്ന് സ്ഥിരീകരിക്കാനാകുകയുള്ളു. ആദ്യ രോഗി മരിച്ചത് ഓഗസ്റ്റ് മുപ്പതിനാണ്. അടുത്ത ആള് ഇന്നലെയും. ആദ്യരോഗി മരിച്ചപ്പോള്‍ സാമ്പിള്‍ നിപ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. നേരത്തെ രണ്ട് തവണ നിപ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കളും ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകരുമടക്കം നിരീക്ഷണത്തിലാണ്. നിപ ലക്ഷണങ്ങള്‍ കണ്ട സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി വിവരം സര്‍ക്കാരിനെ അറിയിച്ചത്.