ബിജു
കണ്ണൂര്‍: കെട്ടിട നിനിര്‍മ്മാണ അനുമതി നല്‍കുന്നതിന് പ്രവാസിയില്‍നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിര്‍ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായി. പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ബിജുവാണ് പിടിയിലായത്. മുനിസിപ്പാലിറ്റി ഓഫീസിനുപുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇരുന്ന് ബിജു കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
പയ്യന്നൂര്‍ സ്വദേശിയായ പ്രവാസി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ അനുമതിക്കായി കഴിഞ്ഞ ഏപ്രിലില്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കിയിരുന്നു. അനുമതി ലഭിക്കാതിരുന്നതോടെ പ്രവാസി പലതവണ മുനിസിപ്പാലിറ്റിയില്‍ അന്വേഷിച്ച് എത്തിയെങ്കിലും ബിജു പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി. 25,000 രൂപ കൈക്കൂലി നല്‍കിയാല്‍ നിര്‍മ്മാണാനുമതി വേഗത്തില്‍ നല്‍കാമെന്ന് ബിജു കഴിഞ്ഞ 21-ന് പ്രവാസിയെ അറിയിച്ചു.
അദ്ദേഹം ഇക്കാര്യം കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി ഉച്ചയ്ക്ക് 1.30-ഓടെ ഓവര്‍സിയറെ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ ബിജുവിനെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.