കോഴിക്കോട്: പ്രമുഖ സിനിമാ നിര്‍മ്മാതാവും വ്യവസായിയും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരന്‍ (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7.23-ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊതുദര്‍ശനം ആഴ്ചവട്ടത്തെ വീട്ടിലും കെ.ടി.സി ഓഫീസിലും അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെ ടൗണ്‍ഹാളിലും പൊതുദര്‍ശനമുണ്ടാകും. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് ആറിന് ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍. ദേശീയ പുരസ്‌കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി മലയാളചിത്രങ്ങള്‍ നിര്‍മ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. കെ.എസ്.യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം എ.ഐ.സി.സി അംഗമായിരുന്നു.
1977-ല്‍ സുജാത എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്രനിര്‍മ്മാണരംഗത്തെത്തിയത്. തുടര്‍ന്ന് മനസാ വാചാ കര്‍മ്മണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, വാര്‍ത്ത, ഒരു വടക്കന്‍ വീരഗാഥ, അദ്വൈതം, ഏകലവ്യന്‍ തുടങ്ങി ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹിറ്റ് ചിത്രങ്ങളുടെ നീണ്ടനിരതന്നെ സൃഷ്ടിച്ചു.
എസ് ക്യൂബുമായി ചേര്‍ന്ന് നിര്‍മ്മിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അദ്ദേഹം നിര്‍മിച്ച കാണാക്കിനാവ് എന്ന ചിത്രത്തിന് 1997-ല്‍ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്‌കാരവും 2000-ല്‍ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഒരു വടക്കന്‍ വീരഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കി.
പ്രമുഖവ്യവസായിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന പി.വി. സാമിയുടെയും മാധവി സാമിയുടെയും( ഇരുവരും പരേതര്‍) മകനായി 1943-ല്‍ കോഴിക്കോടായിരുന്നു ജനനം. പ്രമുഖ അഭിഭാഷകനും അഡ്വക്കേറ്റ് ജനറലുമായിരുന്ന അഡ്വ. എം. രത്‌നസിംഗിന്റെ മകള്‍ ഷെറിന്‍ ആണ് ഭാര്യ. ചലച്ചിത്ര നിര്‍മ്മാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഡോ. ജയ് തിലക് (ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഓര്‍ത്തോപീഡിക്‌സ് അമൃത ഹോസ്പിറ്റല്‍ കൊച്ചി), ഡോ. ബിജില്‍ രാഹുലന്‍, ഡോ. സന്ദീപ് ശ്രീധരന്‍ (അസോ. പ്രൊഫ. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നെഫ്രോളജി, മലബാര്‍ മെഡിക്കല്‍ കോളേജ് കോഴിക്കോട്). മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ ജ്യേഷ്ഠ സഹോദരനാണ്. കോഴിക്കോട് പി.വി.എസ്. ആശുപത്രി മുന്‍ എം.ഡി. പരേതനായ ഡോ. ടി.കെ. ജയരാജിന്റെ ഭാര്യ കുമാരി ജയരാജ് സഹോദരിയാണ്.