ഇസ്ലാമാബാദ്: ഇറാന്‍ പാകിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ അപലപിച്ച പാകിസ്ഥാന്‍, ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി.
ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ചൊവ്വാഴ്ച ഇറാന്‍ ആക്രമണം നടത്തിയത്. തീവ്രവാദ സംഘടനയായ ജയ്ഷ് അല്‍ അദ്ലിനെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഈ വിശദീകരണം പാകിസ്ഥാന്‍ തള്ളി.
ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇറാഖിലെ ആസ്ഥാനം ഇറാന്‍ കഴിഞ്ഞദിവസം ആക്രമിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വടക്കന്‍ സിറിയയിലെ താവളങ്ങള്‍ക്കുനേരേയും ഇറാന്‍ തിങ്കളാഴ്ച ആക്രമണം നടത്തി.
ഇതിന് പിന്നാലെയായിരുന്നു പാകിസ്ഥാനില്‍ ആക്രമണം.നിരപരാധികളായ രണ്ട് കുട്ടികളുടെ മരണത്തിനും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിക്കൊണ്ട് പ്രകോപനമില്ലാതെ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച് ഇറാന്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച് പ്രസ്താവനയില്‍ പറഞ്ഞു. അതേ സമയം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാനിലെ ഒരു തീവ്രവാദ സംഘടനയുടെ താവളങ്ങള്‍ ലക്ഷ്യമിട്ടതായും അതിന്റെ ആസ്ഥാനം തകര്‍ത്തതായുമാണ് ഇറാനിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ അവകാശപ്പെട്ടു. എന്നാല്‍ പാകിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള ഈ കടന്നുകയറ്റം പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും പാക് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.പാകിസ്ഥാന്‍-ഇറാന്‍ നാവികസേന വിഭാഗങ്ങള്‍ സംയുക്ത സൈനിക അഭ്യാസം നടത്തിവരുന്നതിനിടെ യാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്.