പ്രേമകുമാരി ,നിമിഷപ്രിയ
സന:യമന്‍ അധികൃതരുടെ കൃപയാല്‍ മകള്‍ ജയിലില്‍ സുഖമായിരിക്കുന്നുവെന്ന് അമ്മ പ്രേമകുമാരി. വധശിക്ഷ കാത്ത് യമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയും മാതാവും 12 വര്‍ഷത്തിന് ശേഷമാണ് ഇന്നലെ തമ്മില്‍ക്കണ്ടത്. ജയിലില്‍ കണ്ടപ്പോള്‍ നിമിഷപ്രിയ ഓടിവന്നു കെട്ടിപ്പിടിച്ചുവെന്നും ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പരസ്പരം വിളമ്പിക്കഴിച്ചുവെന്നും സഹതടവുകാരെയും ജയില്‍ ഉദ്യോഗസ്ഥരെയും നിമിഷ പരിചയപ്പെടുത്തിയെന്നും പ്രേമകുമാരി പറഞ്ഞു.
നിമിഷയെ കാണുന്നതിന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോമിനുമൊപ്പമാണ് പ്രേമകുമാരി ജയിലിലെത്തിയത്.
ജയിലിനകത്തേക്ക് ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദമില്ലായിരുന്നു. അകത്തുകയറിയപ്പോള്‍ ഒരു സ്വകാര്യ ഇടം ഞങ്ങള്‍ക്കു തന്നു. പിന്നാലെ നിമിഷയെ എത്തിച്ചു. വളരെ വികാരനിര്‍ഭരനിമിഷങ്ങളായിരുന്നു അത്. അമ്മയ്ക്ക് കുറച്ചുസമയം നിമിഷപ്രിയയ്ക്കൊപ്പം ചെലവഴിക്കാമെന്ന് അവര്‍ അറിയിച്ചു. അതിനാല്‍് എംബസി ഉദ്യോഗസ്ഥരും ഞാനും പുറത്തേയ്ക്കിറങ്ങി. അവര്‍ക്ക് ഉച്ചഭക്ഷണം വാങ്ങി അകത്തേയ്ക്കു കൊടുത്തയച്ചു. പിന്നീട് ഉദ്യോഗസ്ഥരെ തിരിച്ച് എംബസിയില്‍ വിടാനായി ഞാനും അവര്‍ക്കൊപ്പമിറങ്ങി. തുടര്‍ന്ന് നിമിഷയുടെ അമ്മയുമായി താമസസ്ഥലത്തേയ്ക്ക് പോയതായി സാമുവല്‍ ജെറോം അറിയിച്ചു.
പ്രാദേശികസമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളെ കാണാന്‍ ജയിലില്‍ എത്തിയത്. വൈകുന്നേരം അഞ്ചര വരെ അവര്‍ മകള്‍ക്കൊപ്പം തുടര്‍ന്നു. പിന്നീട് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ കോര്‍ കമ്മിറ്റി യോഗത്തിലും പ്രേമകുമാരി പങ്കെടുത്തു.
2012ലാണ് പ്രേമകുമാരി മകളെ അവസാനമായി കണ്ടത്. 2017 ജൂലായ് 25ന് യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത്ഭാര്യയാക്കിവയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദ്ദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്‌സ് ഹാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ട്.