കോട്ടയം:പുതുപ്പള്ളിയില്‍ 73 ശതമാനം പോളിംഗ്. 2021-ലെ പൊതുതിരഞ്ഞെടുപ്പില്‍ 74.84 ശതമാനമായിരുന്നു പോളിംഗ്. എല്ലാ ബൂത്തുകളിലും രാവിലെ മുതല്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. വൈകിട്ട് ആറ് മണിക്ക് ശേഷവും ചില ബൂത്തുകളില്‍ വോട്ട് ചെയ്യാനുള്ളവരുടെ വരി ഉണ്ടായിരുന്നു. ഇവര്‍ക്ക് ടോക്കണ്‍ നില്‍കിയാണ് സമയ പരിധിക്ക് ശേഷം വോട്ട് ചെയ്യിപ്പിച്ചത്. ചില ബൂത്തുകളില്‍ വോട്ടിംഗിന് വേഗം കുറവായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നു. ഇത് അന്വേഷിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും മറ്റ് നേതാക്കളും ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. എല്ലാ പരാതികളും അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ വെറും ജയമല്ല യു.ഡി.എഫ് ലക്ഷ്യമിടുന്നത്. മുപ്പതിനായിരത്തിലേറെ ഭൂരിപക്ഷമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് കടുത്തമത്സരം നല്‍കിയ ജെയ്ക് സി. തോമസിനെ ഇടതുമുന്നണി വീണ്ടും ഇറക്കിയത് ജയം മാത്രം പ്രതീക്ഷിച്ചാണ്.കഴിഞ്ഞതവണ നേടിയ 54,328 വോട്ടിനൊപ്പം പതിനായിരംകൂടി നേടി വിജയിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. എന്‍.ഡി.എ.യും ആം ആദ്മിയുമൊക്കെ മികച്ച വോട്ടുവിഹിതം പ്രതീക്ഷിക്കുന്നുണ്ട്. എട്ടിനാണ് വോട്ടെണ്ണല്‍.