പത്തനംതിട്ട:റിസര്‍ച്ച് ഗൈഡിനെതിരെ ഗവേഷക വിദ്യാര്‍ത്ഥി നല്‍കിയ അദ്ധ്യാപകനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഇന്ന് കോടതിയിലെത്താന്‍ പരാതിക്കാരിയോടും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2020-2023 കാലയളവില്‍ ഗൈഡ് ലൈംഗിക ചുവയോടെ പെരുമാറിയെന്നും മോശമായ രീതിയില്‍ ശരീരത്തില്‍ കടന്നു പിടിച്ചെന്നുമാണ് പരാതി. ഗൈഡിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥിനിയുടെ സഹപാഠി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പൊലീസില്‍ പരാതി കൊടുത്തതിന്റെ പേരില്‍ പി.എച്ച്. ഡി പഠനം തന്നെ ഇല്ലാതാക്കാന്‍ അദ്ധ്യാപകന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും വിദ്യാര്‍ത്ഥി ഉന്നയിച്ചിട്ടുണ്ട്. പി എച്ച് ഡി ഗൈഡ് ആയ അസിസ്റ്റന്റ് പ്രൊഫസര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ മാവേലിക്കര പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ കൃത്യമായി കേസ് അന്വേഷിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. എന്നാല്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന നിലപാടിലാണ് മാവേലിക്കര പൊലീസ്. സംഭവത്തില്‍ കോളേജോ ആരോപണ വിധേയനായ അദ്ധ്യാപകനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.