Header ads

CLOSE

റോബിന്‍ ബസിന് ഒറ്റദിവസം 1.07 ലക്ഷം രൂപ പിഴ ചുമത്തി; യാത്ര തുടരുമെന്ന് ഉടമ

റോബിന്‍ ബസിന് ഒറ്റദിവസം 1.07 ലക്ഷം രൂപ പിഴ ചുമത്തി; യാത്ര തുടരുമെന്ന് ഉടമ

പത്തനംതിട്ട: റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലെത്തുന്നതിനിടെ ചുമത്തിയത് 1,07,910 രൂപയുടെ നികുതിയും പിഴയും. പാലാ ഇടമറുക് പാറയില്‍ ബേബി ഗിരീഷിന്റെ റോബിന്‍ എന്ന ബസ് അഞ്ചിടത്താണ് മോട്ടര്‍വാഹന വകുപ്പ് തടഞ്ഞുനിര്‍ത്തി പിഴയിട്ടത്. അതോസമയം നിരവധി സ്ഥലത്ത് ജനങ്ങള്‍ ബസിന് സ്വീകരണം നല്‍കി. കേന്ദ്ര നിയമമനുസരിച്ച് അഖിലേന്ത്യ പെര്‍മിറ്റുള്ള ബസിനാണ് പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ കേരള മോട്ടര്‍ വാഹന വകുപ്പ് അഞ്ചിടത്ത് 7500 രൂപ വീതം 37,500 രൂപ പിഴയിട്ടത്. 40 സീറ്റിന് 800 രൂപ വീതം 32,000 രൂപ തമിഴ്‌നാട് ടാക്‌സും അതു മുന്‍കൂട്ടി അടയ്ക്കാത്തതിന് 32,000 രൂപ പിഴയും ഉള്‍പ്പെടെ 70,410 രൂപ വാളയാറിന് സമീപം ചാവടി ചെക്‌പോസ്റ്റില്‍ തമിഴ്‌നാും ഈടാക്കി.
ഒരാഴ്ചത്തേയ്ക്കാണ് തമിഴ്‌നാട് നികുതി ഈടാക്കിയത്. നികുതിയുടെ നോട്ടീസില്‍ പെര്‍മിറ്റ് ലംഘനത്തെക്കുറിച്ചും പറയുന്നുണ്ട്. നിയമവിരുദ്ധ നീക്കംകൊണ്ട് സര്‍വീസ് തടയാനാകില്ലെന്നും ഇന്നു സര്‍വീസ് നടത്തുമെന്നും ബേബി ഗിരീഷ് പറയുന്നു. ഇന്നലെ പുലര്‍ച്ചെ 5.05ന് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ട ബസ് രാത്രി എട്ടോടെയാണു കോയമ്പത്തൂര്‍ ഉക്കടം സ്റ്റാന്‍ഡിലെത്തിയത്. നാല്‍പതോളം യാത്രക്കാരില്‍ ഏറെയും ഉടമയുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിരുന്നു. 12 യാത്രക്കാരുമായി യാത്ര തുടങ്ങിയ ബസില്‍ ഉടമയുമുണ്ടായിരുന്നു. 2 യാത്രക്കാര്‍ കോയമ്പത്തൂരിലേക്ക് 650 രൂപയുടെ ടിക്കറ്റെടുത്തിരുന്നു. 
സ്റ്റാന്‍ഡില്‍നിന്ന് 500 മീറ്റര്‍ പിന്നിട്ട് വെട്ടിപ്രം ഭാഗത്തെത്തിയപ്പോള്‍ മോട്ടര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തടഞ്ഞു. യാത്രക്കാര്‍ വിനോദ സഞ്ചാരികളാണോയെന്നാണ് പരിശോധിച്ചത്. ബുക്കിംഗ് വിവരങ്ങള്‍ തിരക്കിയപ്പോള്‍ 12 പേരുടെയും പേരും നമ്പരും അടങ്ങുന്ന കടലാസ് ഗിരീഷ് കൈമാറി. യാത്രക്കാര്‍ കയറിയ സ്ഥലവും ഇറങ്ങേണ്ട സ്ഥലവും രേഖപ്പെടുത്തിയിരുന്നു. യാത്രക്കാരോട് സംസാരിച്ചപ്പോള്‍ വിനോദസഞ്ചാരികളല്ലെന്ന് ബോധ്യപ്പെട്ടതായി പറഞ്ഞ ഉദ്യോഗസ്ഥര്‍ അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനം നടന്നതായി ചൂണ്ടിക്കാട്ടി 7500 രൂപ പിഴയിട്ടു. 
പിഴത്തുക അടയ്ക്കില്ലെന്ന് ഗിരീഷ് അറിയിച്ചു. എങ്കിലും ബസ് കസ്റ്റഡിയിലെടുക്കാതെ യാത്ര തുടരാന്‍ അനുവദിച്ചു. പിന്നീട് പാലാ, അങ്കമാലി, പുതുക്കാട് എന്നിവിടങ്ങളില്‍ തടഞ്ഞുനിര്‍ത്തി പെര്‍മിറ്റ് പരിശോധിച്ച് പിഴയിട്ടു. പാലക്കാട് ജില്ലയില്‍ ബസ് തടഞ്ഞില്ലെങ്കിലും    കുഴല്‍മന്ദത്ത് വിഡിയോ പകര്‍ത്തി പിഴയിട്ടു. രാത്രി  ബസ് കോയമ്പത്തൂരില്‍ നിന്നു തിരിച്ചു.


 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads