ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധിച്ചു. സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഇതുസംബന്ധിച്ച ഹര്‍ജികള്‍ തള്ളി. അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റീസ് സഞ്ജയ് കൗള്‍ എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെ അനുകൂലിച്ചു. ജസ്റ്റീസ് രവീന്ദ്ര ഭട്ട്, ജസ്റ്റീസ് ഹിമ കോലി, ജസ്റ്റീസ് പി.എസ്. നരസിംഹ എന്നിവര്‍ എതിര്‍ത്തു. ഇവരില്‍ ജസ്റ്റീസ് ഹിമ കോലി ഒഴികെയുള്ളവര്‍ പ്രത്യേക വിധി പ്രസ്താവം നടത്തി.
സ്പെഷ്യല്‍ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകള്‍ പരിശോധിച്ച ശേഷമാണ് വിധിപ്രസ്താവം. മേയ് 11ന് വാദം പൂര്‍ത്തിയാക്കിയ ഹര്‍ജികളില്‍ അഞ്ച് മാസത്തിനുശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജിയില്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് നാല് വിധികളാണ് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് ആമുഖമായി വ്യക്തമാക്കി. ഇതില്‍ യോജിപ്പുകളും വിയോജിപ്പുകളുമുണ്ടെന്നും അദ്ദേഹം ആദ്യമേ വിശദമാക്കി. അതേസമയം, നിയമനിര്‍മാണത്തിലേക്കു കടക്കാന്‍ കോടതിക്കു കഴിയില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക വിവാഹ നിയമത്തില്‍ മാറ്റം വരുത്തി സ്വവര്‍ഗ വിവാഹം കൂടി അംഗീകരിക്കണമെന്ന ഹര്‍ജിക്കാരുടെ വാദം ചീഫ് ജസ്റ്റീസ് അനുവദിച്ചു. നിലവിലുള്ള നിയമം പുരുഷനെയും സ്ത്രീയേയും മാത്രമാണ് പരിഗണിക്കുന്നത്. അതില്‍ ഇതര വിഭാഗക്കാരെക്കൂടി പരിഗണിക്കണമെന്നാണ് ആവശ്യം. എന്നാല്‍ പ്രത്യേക വിവാഹനിയമം കോടതിക്ക് റദ്ദാക്കാന്‍ കഴിയില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടതു പാര്‍ലമെന്റ് ആണെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.