കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം മുസ്ലീം സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ സാമൂഹിക പ്രവര്‍ത്തക വി.പി.സുഹറ തട്ടം ഊരിമാറ്റി പ്രതിഷേധിച്ചു. നല്ലളം സ്‌കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിയിലാണ് വി.പി.സുഹറ തട്ടം മാറ്റി പ്രതിഷേധിച്ചത്. സുഹറയുടെ നടപടിയില്‍ അക്രമാസക്തനായ പിടിഎ പ്രസിഡന്റ് സുഹറയെ പരസ്യമായി അസഭ്യം പറഞ്ഞു. തുടര്‍ന്ന് സുഹറ പിടിഎ പ്രസിഡന്റിനെതിരെ നല്ലളം പൊലീസില്‍ പരാതി നല്‍കി. തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്നും മുസ്ലീം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടില്ലെന്നുമായിരുന്നു ഉമര്‍ ഫൈസിയുടെ ഭീഷണി. തട്ടം ഇസ്‌ലാമികമാണെന്നും അതിനെതിരെ പ്രതികരിച്ചാല്‍ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സുഹറ തട്ടം മാറ്റി പ്രതിഷേധിച്ചത്. തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനംകൊണ്ടാണെന്ന സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരുന്നതിനിടെയാണ് സുഹറയുടെ പ്രതിഷേധം.