ന്യൂഡല്‍ഹി: മാദ്ധ്യമപ്രവര്‍ത്തകരില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ സാധനങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ എല്ലാവരുടെയും താത്പര്യം സംരക്ഷിക്കുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ പുറത്തിറക്കുന്നില്ലെങ്കില്‍ കോടതിക്ക് ഇറക്കേണ്ടിവരുമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കൗള്‍, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. സങ്കീര്‍ണമായ നിയമ പ്രശ്‌നങ്ങളുള്‍പ്പെടുന്ന വിഷയമാണിതെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ചൂണ്ടിക്കാട്ടി.
അന്വേഷണ ഏജന്‍സികള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന റെയ്ഡുകള്‍, അവരുടെ സാധനങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവ ഗൗരവമേറിയ വിഷയമാണെന്നും കോടതി പറഞ്ഞു. പിടിച്ചെടുക്കുന്ന ഡിജിറ്റല്‍ സാധനങ്ങളില്‍ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍വരെയുണ്ടാകും. വാര്‍ത്തയുടെ സോഴ്‌സ് ഉള്‍പ്പടെയുള്ള വിവരങ്ങളുമുണ്ടാകും. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ബഞ്ച് നിരീക്ഷിച്ചു.
സ്വകാര്യത എല്ലാവരുടെയും മൗലികാവകാശമാണെന്നും ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന റെയ്ഡുകള്‍, അവരുടെ സാധങ്ങള്‍ എന്നിവ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഫൗണ്ടേഷന്‍ ഫോര്‍ മീഡിയ പ്രൊഫഷണല്‍സ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഹര്‍ജി ഡിസംബര്‍ ആറിന് വീണ്ടും പരിഗണിക്കും.