ചെന്നൈ: റോബിന്‍ ബസ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പെര്‍മിറ്റ് ലംഘിച്ചതിന്റെ പേരില്‍ ഗാന്ധിപുരം ആര്‍ടിഒയാണ് ബസ് കസ്റ്റഡിയില്‍ എടുത്തത്. മോട്ടോര്‍ വാഹനവകുപ്പിന്റെ ജോയിന്റ് കമ്മീഷണറുടെ ഓഫീസിലാണ് ഇപ്പോള്‍ വാഹനം. തിങ്കളാഴ്ച ജോയിന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയശേഷം മാത്രമേ പിഴ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകൂ. അതുവരെ ബസ് ഓഫീസില്‍ കിടക്കും. പൊലീസ് എത്തി ബസില്‍നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് ഉടമയും യാത്രക്കാരും തയാറായിട്ടില്ല. കേരളത്തിലേക്ക് തിരികെ വരാന്‍ പകരം ബസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് ബസിലുള്ളത്. കേരള സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് വാഹനം പിടിച്ചെടുത്തതെന്ന് റോബിന്‍ ബസ് ഉടമ ഗിരീഷ് പരാതിപ്പെട്ടു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ചു പറഞ്ഞിട്ട് വാഹനം പിടിച്ചെടുക്കുന്നതാണെന്നും ഞങ്ങള്‍ നിസ്സഹായരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റോബിന്‍ ആരോപിച്ചു.പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേയ്ക്ക് സര്‍വീസ് നടത്തിയ റോബിന്‍ ബസ് ഞായറാഴ്ച തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് എംവിഡി ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തി പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ ബസിന് പിഴയിട്ടു. പിന്നീട് നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ പത്ത് മിനിറ്റിന് ശേഷം ബസ് വിട്ടയച്ചു.