ജറുസലേം: ഗാസാ സിറ്റിയിലെ അല്‍അഹ്ലി അറബ് ഹോസ്പിറ്റലില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 500 പാലസ്തീന്‍കാര്‍ മരിച്ചു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെയും റഫായിലെയും പാര്‍പ്പിട സമുച്ചയങ്ങള്‍ക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളില്‍ 80 പാലസ്തീന്‍കാരും മരിച്ചു. ദൈറുല്‍ ബലായിലെ അല്‍ മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ 7 പേരും മരിച്ചു.
ഹമാസ് കമാന്‍ഡര്‍ അയ്മന്‍ നൗഫലും മരിച്ചു. വീട് നഷ്ടപ്പെട്ടവരും പരിക്കേറ്റവരുമായ ആയിരക്കണക്കിന് ആളുകള്‍ ആശുപത്രിയിലുണ്ടായിരുന്നു.ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തെ ഐക്യരാഷ്ട്ര സംഘടനയും ലോകാരോഗ്യ സംഘടനയും അപലപിച്ചു. ആശുപത്രികളും ക്ലിനിക്കുകളും വൈദ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും യുഎന്‍ സ്ഥാപനങ്ങളും രാജ്യാന്തര നിയമപ്രകാരം സംരക്ഷണമുള്ളവയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ഇസ്രയേല്‍ സൈനിക നടപടി നിര്‍ത്തിവയ്ക്കണമെന്ന് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്ന് പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും പ്രതികരിച്ചു.
എന്നാല്‍ ഗാസയിലെ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയെന്ന ഹമാസിന്റെ ആരോപണം ഇസ്രയേല്‍ തള്ളി. ഇസ്ലാമിക് ജിഹാദ് തൊടുത്ത മിസൈല്‍ വഴിതെറ്റി വീണാണ് ആശുപത്രിയില്‍ സ്‌ഫോടനമുണ്ടായതെന്നാണ് ഇസ്രയേലിന്റെ വാദം. ഇസ്ലാമിക് ജിഹാദും ആരോപണം നിഷേധിച്ചു. ആശുപത്രി ആക്രമിച്ചതിലൂടെ ഇസ്രയേല്‍ യുദ്ധക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു ഹമാസിന്റെ ആരോപണം. ഈ മാസം 7നുശേഷം ഇസ്രയേല്‍ ആക്രമണങ്ങളില്‍ 3000 പാലസ്തീന്‍കാര്‍ മരിച്ചതായും 12,500 പേര്‍ക്ക് പരിക്കേറ്റതായും പാലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ്ബാങ്കില്‍ 61 പേര്‍ മരിച്ചു. 1250 പേര്‍ക്ക് പരിക്കേറ്റു.
യുദ്ധം അടുത്ത ഘട്ടത്തിലേക്കു നീങ്ങുകയാണെന്നും അതു കരയുദ്ധമായിരിക്കില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. അതിനിടെ, തെക്കന്‍ ലബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. ഷെല്ലാക്രമണത്തില്‍ ഹിസ്ബുല്ല പക്ഷത്തെ 4 പേര്‍ മരിച്ചു.
വടക്കന്‍ ഗാസയില്‍നിന്നു പലായനം ചെയ്ത 10 ലക്ഷത്തോളം പാലസ്തീന്‍കാര്‍ ഉള്‍പ്പെടെ തങ്ങുന്ന തെക്കന്‍ ഗാസയിലാണ് മുന്നറിയിപ്പില്ലാതെ ഇസ്രയേല്‍ ആക്രമണം നടത്തിയത്.