Header ads

CLOSE

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു: മേയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും; ഇനി ഗ്രൗണ്ടിലെ 'H' മാത്രം പോരാ

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു:  മേയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും; ഇനി ഗ്രൗണ്ടിലെ 'H' മാത്രം പോരാ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവ് പുറത്തിറക്കി.  പരിഷ്‌കാരം മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കാര്‍ ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സ് ലഭിക്കാന്‍ ഗ്രൗണ്ടില്‍ ഇനി 'H' എടുത്താല്‍ മാത്രം പോര. ഗ്രൗണ്ട് ടെസ്റ്റില്‍ ആംഗുലാര്‍ പാര്‍ക്കിംഗ്, പാരലല്‍ പാര്‍ക്കിംഗ്, സിഗ് സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ കൂടി ഉണ്ടാകും.  ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിംഗ് ടെസ്റ്റിന് കാല്‍പ്പാദങ്ങള്‍ കൊണ്ട് ഗിയര്‍ മാറ്റുന്ന വാഹനങ്ങള്‍ നിര്‍ബന്ധമാക്കി.
ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റുള്ള വാഹനങ്ങളും വൈദ്യുതവാഹനങ്ങളും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് പുറത്തിറക്കിയ ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.
ഗിയറുള്ള ഇരുചക്രവാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിന് കാല്‍പ്പാദം കൊണ്ട് ഗിയര്‍ മാറ്റുന്ന തരത്തിലുള്ളതും 95 സി.സിയ്ക്ക് മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ളതുമായ വാഹനങ്ങള്‍ ഉപയോഗിക്കണം. കൈകള്‍ കൊണ്ട് ഗിയര്‍ മാറ്റുന്ന തരം ഇരുചക്ര വാഹനങ്ങള്‍ കൊണ്ട് ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ പാടില്ല.
മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് വാഹനഗതാഗതമുള്ള റോഡില്‍ നടത്തണം. ഗ്രൗണ്ടില്‍ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.
ഡ്രൈവിംഗ് സ്‌കൂളുകളുടെ വാഹനങ്ങളുടെ കാലാവധി 15 വര്‍ഷമാക്കി നിജപ്പെടുത്തി. നിലവില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ മേയ് ഒന്നിന് മുമ്പ് ഒഴിവാക്കി പകരം വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം.
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലുള്ള ഡ്രൈവിംഗ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റുള്ള വാഹനങ്ങളോ വൈദ്യുതവാഹനങ്ങളോ ഉപയോഗിക്കാന്‍ പാടില്ല.
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളുടെ വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോഡ് ചെയ്യാനുള്ള ഡാഷ് ബോര്‍ഡ് കാമറ, വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് (വി.എല്‍.ടി.ഡി) എന്നിവ ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോഡ് ചെയ്ത മെമ്മറി കാര്‍ഡിലെ ഡാറ്റ എം.വി.ഐ. ഓഫീസ് കമ്പ്യൂട്ടറിലേക്ക് മാറ്റിയ ശേഷം കാര്‍ഡ് തിരികെ നല്‍കണം. ഡാറ്റ മൂന്ന് മാസം ഓഫീസില്‍ സൂക്ഷിക്കണം.
ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും ചേര്‍ന്ന് പ്രതിദിനം ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഇതില്‍ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തേ പരാജയപ്പെട്ട അപേക്ഷകരുമാകും. പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം പത്തില്‍ കുറവാണെങ്കില്‍ കുറവുവരുന്ന എണ്ണം നേരത്തേ അപേക്ഷിച്ച് ടെസ്റ്റിന് ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്ക് മുന്‍ഗണന പ്രകാരം നല്‍കാം. 30-ല്‍ കൂടുതല്‍ ടെസ്റ്റ് ഒരു ദിവസം നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകും.
ലേണേഴ്സ് ടെസ്റ്റിന് അനുവദിക്കാവുന്നവരുടെ എണ്ണം ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി നിജപ്പെടുത്തണം.
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഡ്രൈവിംഗ്‌ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ട്രാക്കില്‍ നടക്കുന്ന ഇടങ്ങളില്‍ ആംഗുലാര്‍ പാര്‍ക്കിംഗ്, പാരലല്‍ പാര്‍ക്കിംഗ്, സിഗ് സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം ട്രാക്കില്‍ പരിശോധിക്കണം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ സംസ്ഥാന സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബോര്‍ഡുകളോ അംഗീകാരം നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന മോട്ടോര്‍ മെക്കാനിക്ക് അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ മാത്രമേ ഡ്രൈവിംഗ് സ്‌കൂളുകളില്‍ പരിശീലനം നല്‍കാന്‍ പാടുള്ളൂ.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads