ടെഹ്‌റാന്‍: ഇറാന്റെ തെക്കുകിഴക്കന്‍ നഗരമായ കെര്‍മാനില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 103 പേര്‍ മരിച്ചു.200 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇറാന്റെ മുന്‍സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ നാലാംവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപമാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.ആദ്യ സ്ഫോടനം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയും രണ്ടാമത്തേത് 15 മിനിറ്റുകള്‍ക്ക് ശേഷവുമാണ് നടന്നത്. ഇറാനില്‍ ഏറെ ജനകീയനായിരുന്ന സുലൈമാനിയുടെ ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ശവകുടീരത്തില്‍ ഒത്തുകൂടിയവരാണ് സ്ഫോടനത്തില്‍ മരിച്ചവരിലേറെയും എന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് സ്യൂട്ട്കേസുകള്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് ചില ഇറാനി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാസിം സുലൈമാനി 2020 ജനുവരി മൂന്നിന് ബാഗ്ദാദ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണത്തിലാണ് മരിച്ചത്. ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം യുഎസ് ഏറ്റെടുത്തിരുന്നു.