മലപ്പുറം: പൊന്നാനി നഗരസഭയിലെ മാതൃശിശു ആശുപത്രിയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിക്ക് ഗ്രൂപ്പു മാറി രക്തം നല്‍കിയ രണ്ട് താത്കാലിക ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടര്‍മാര്‍ക്കും നഴ്‌സിനും വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു നടപടി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഗര്‍ഭിണി. പാലപ്പെട്ടി പുതിയിരുത്തി കഴുങ്ങുംതോട്ടത്തില്‍ അസ്ലമിന്റെ ഭാര്യ റുക്‌സാന(26)യ്ക്കാണ് 'ഒ' നെഗറ്റീവിനു പകരം 'ബി' പോസിറ്റീവ് രക്തം നല്‍കിയത്. മൂന്ന് ദിവസം മുമ്പാണ് നഗരസഭയുടെ ആശുപത്രിയില്‍ റുക്‌സാനയെ പ്രവേശിപ്പിച്ചത്. രക്തക്കുറവുള്ളതിനാല്‍ ആദ്യദിനം മുതല്‍ രക്തം നല്‍കുന്നുണ്ടായിരുന്നു. വ്യത്യസ്ത ഗ്രൂപ്പില്‍പ്പെട്ട രക്തം നല്‍കിയത് വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ്. യുവതിക്ക് അരമണിക്കൂറിനകം ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുമുണ്ടായി. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നാണ് രക്തഗ്രൂപ്പു മാറിയ വിവരം ബന്ധുക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും പൊന്നാനിയിലെ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. 15 മില്ലിയില്‍ താഴെ മാത്രം 'ബി' പോസിറ്റീവ് രക്തമോ നല്‍കിയിള്ളുവെന്നും പിഴവ് മനസ്സിലായതോടെ അടിയന്തര നടപടികള്‍ സ്വീകരിച്ചെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.