തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഇടപെട്ടെന്ന സംവിധായകന് വിനയന്റെ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി സാംസ്കാരികവകുപ്പിന് നിര്‍ദ്ദേശം നല്കി.
തന്റെ സിനിമയായ '19-ാം നൂറ്റാണ്ടിന്' അവാര്‍ഡ് നല്കാതിരിക്കാന് രഞ്ജിത്ത് ഇടപെട്ടെന്ന് വിനയന് ആരോപിച്ചിരുന്നു. ആരോപണം ശരിവയ്ക്കുന്ന, ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദസന്ദേശങ്ങളും വിനയന് പുറത്തുവിട്ടിരുന്നു. ഇവ പരാതിക്കൊപ്പം തെളിവായി നല്‍കിയിട്ടുണ്ട്. എന്നാല്‍, സാംസ്കാരികമന്ത്രി സജി ചെറിയാന് അക്കാദമി ചെയര്‍മാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് മാന്യനായ, കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ചലച്ചിത്ര ഇതിഹാസമാണെന്നും അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കില്ലെന്നും ആരോപണമുന്നയിക്കുന്നവര്‍ നിയമപരമായി നീങ്ങട്ടേയെന്നുമാണ് മന്ത്രി പറഞ്ഞത്. ഇടപെടലുകളൊന്നുമുണ്ടായിട്ടില്ലെന്ന് ജൂറി ചെയര്‍മാനായിരുന്ന ഗൗതംഘോഷും പിന്നീട് പറഞ്ഞു. എന്നാല്‍ രഞ്ജിത്ത് വിഷയത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.