തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് വ്യാജതിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസുകാര്‍ കസ്റ്റഡിയില്‍. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരും അടൂര്‍ സ്വദേശികളുമായ അബി വിക്രം, ബിനില്‍ ബിനു, ഫെന്നി, വികാസ് കൃഷ്ണ എന്നിവരാണ് കസ്റ്റഡിയിലുള്ളത് ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തര്‍ കസ്റ്റഡിയിലായത് ഗ്രൂപ്പിനുള്ളിലെ പോര് കാരണമെന്നാണ് സൂചന. ഗ്രൂപ്പിനുള്ളില്‍ നിന്നാണ് പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. അന്വേഷണം സംസ്ഥാന പ്രസിഡന്റിലേക്ക് എത്തിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് എ ഗ്രൂപ്പിനുള്ളിലെ ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. പല വിഭാഗങ്ങളായായിരുന്നു തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് മത്സരിച്ചത്. കസ്റ്റഡിയിലുള്ളവരുടെ ലാപ്ടോപ്പും മൊബൈലും ഉപയോഗിച്ച് വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമായിരിക്കും പൊലീസിന്റെ തുടര്‍ നടപടികള്‍.