കോഴിക്കോട്: നിപ്പ സ്ഥിരീകരിച്ച കുറ്റ്യാടിയിലും വടകരയിലും ഉള്ള പ്രത്യേക പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല. ഈ പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുമാണ്. ഈ വാര്‍ഡുകള്‍ പൊലീസിന്റെ നേതൃത്വത്തില്‍ അടച്ചു.
ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ തുറക്കാവൂ. പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ്. മരുന്നുഷോപ്പുകള്‍ക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനവും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍- പൊതുമേഖല- ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരുത്തരവുണ്ടാവുന്നത് വരെ തുറക്കരുത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങള്‍ എത്തുന്നത് തടയേണ്ടതും പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കണം. ദേശീയപാത, സംസ്ഥാന പാത വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും നിയന്ത്രണമുള്ള വാര്‍ഡുകളില്‍ ഒരിടത്തും നിര്‍ത്താന്‍ പാടില്ല. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറും നല്‍കേണ്ടതാണ്.
കണ്ടെയ്ന്‍മെന്റ് സോണുകള്‍
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍
മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാര്‍ഡുകള്‍
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് - 1,2,20 വാര്‍ഡുകള്‍
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാര്‍ഡുകള്‍
കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാര്‍ഡുകള്‍
വില്യപ്പളളി ഗ്രാമപഞ്ചായത്ത് - 6,7 വാര്‍ഡ് വാര്‍ഡുകള്‍
കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാര്‍ഡുകള്‍