ഡെറാഡൂണ്‍: ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തി പുറത്തെത്തിക്കാനുള്ള അതിസങ്കീര്‍ണ്ണമായ രക്ഷാപ്രവര്‍ത്തനം തുടരുന്നു. 171 മണിക്കൂറിലേറെയായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ മല 150 മീറ്റര്‍ താഴേയ്ക്ക് തുരന്ന് തുരങ്കത്തിനകത്തെത്തി രക്ഷപ്പെടുത്താനാണ് ശ്രമം. കുടുങ്ങിക്കിടക്കുന്നവരുടെ ആരോഗ്യനിലയിലും ആശങ്കയുണ്ട്. മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ 45 ഡിഗ്രി ചരിച്ചാണ് തുരക്കുന്നത്. നാല് ദിവസമായി നടത്തിയ ശ്രമങ്ങള്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പുഷ്‌കര്‍സിംഗ് ധാമിയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. രക്ഷപ്പെടുത്തുന്നതിന് ഇനിയും നാല് ദിവസം കൂടി കാത്തിരിക്കണമെന്ന് തുരങ്കത്തില്‍ കുടുങ്ങിയവരെ അറിയിച്ചിട്ടുണ്ട്. വോക്കി ടോക്കി വഴി ബന്ധുക്കള്‍ തൊഴിലാളികള്‍ക്ക് മാനസിക ധൈര്യവും നല്‍കുന്നുണ്ട്. ഓക്‌സിജനും ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ശബ്ദം നേര്‍ത്ത് വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. തണുപ്പ് ശക്തമാകുന്നത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാക്കിയിട്ടുണ്ട്.