ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രാവണനാക്കിയ പോസ്റ്റര്‍ ബിജെപി ഔദ്യോഗിക എക്‌സ് പേജില്‍ പങ്കുവച്ചു. ''രാവണ്‍, നിര്‍മ്മാണം കോണ്‍ഗ്രസ് പാര്‍ട്ടി, സംവിധാനം ജോര്‍ജ് സോറസ്.'' എന്ന കുറിപ്പോടെയാണ് രാവണ്‍ സിനിമ പോസ്റ്ററിനോട് സാദൃശ്യമുള്ള രാഹുലിന്റെ പോസ്റ്റര്‍ ബിജെപി സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചത്. പത്തുതലകളുള്ള പടച്ചട്ട അണിഞ്ഞു നില്‍ക്കുന്ന രാഹുലിന്റെ ചിത്രത്തിനൊപ്പം ''ഇതാ പുതിയ തലമുറയിലെ രാവണന്‍. അദ്ദേഹം തിന്മയാണ്. ധര്‍മ്മത്തിനും രാമനും എതിരെ പ്രവര്‍ത്തിക്കുന്നവന്‍. ഭാരതത്തെ തകര്‍ക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം'' എന്ന കുറിപ്പുമുണ്ട്.
ഇത്തരത്തില്‍ രാഹുലിന്റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് രാഹുലിനെതിരായ ബിജെപിയുടെ പ്രചാരണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ''ബിജെപിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജില്‍ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ഈ ചിത്രം പ്രചരിപ്പിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് എന്താണ്? പിതാവിനെയും മുത്തശ്ശിയെയും അക്രമികള്‍ കൊലപ്പെടുത്തിയ ഒരു കോണ്‍ഗ്രസ് എംപിക്കെതിരെയുള്ള ഈ പ്രചാരണം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇന്ത്യയെ വിഭജിക്കുന്നതാണ്. ഓരോ ദിവസവും കളവു പറയുന്ന പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടി നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ പ്രശ്‌നമാകില്ല. പക്ഷേ, ഇത് വളരെ അപകടകരമാണ്. ഇതുകൊണ്ട് ഞങ്ങള്‍ ഭയപ്പെടില്ല.'' ജയറാം രമേശ് പറഞ്ഞു.