തിരുവനന്തപുരം: പേരൂര്‍ക്കട ഗവ. മാനസികാരോഗ്യകേന്ദ്രത്തിലെ ചികിത്സയിലൂടെ അസുഖം ഭേദമായിട്ടും ബന്ധുക്കള്‍ കൈയൊഴിഞ്ഞ മൂന്ന് പേരെ ആശുപത്രി സൂപ്രണ്ട് ഡോ. സരിതയുടെ ശുപാര്‍ശപ്രകാരം പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തു. പത്ത് വര്‍ഷമായി ബന്ധുക്കള്‍ തേടിയെത്താതെ ഇവിടെ കഴിഞ്ഞിരുന്ന മുംബൈ സ്വദേശി രാജു, ആറ് വര്‍ഷമായ വയനാട് സ്വദേശി മനോജ്, കര്‍ണാടക സ്വദേശി പൊന്നയ്യ എന്നിവരെയാണ് സംസ്ഥാന ഒര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി അഡ്വ. എം.കെ. സിനുകുമാര്‍, മാനസികാരോഗ്യകേന്ദ്രത്തിലെ സീനിയര്‍ സൈക്യാട്രിസ്റ്റ് ഡോ. എസ്. നജീബ്, അബുബക്കര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഗാന്ധിഭവന്‍ സേവനപ്രവര്‍ത്തകരായ സനല്‍കുമാര്‍, അനുദാസ് എന്നിവര്‍ ചേര്‍ന്ന് എറ്റെടുത്തത്.
കഴിഞ്ഞയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡിലും കഴിഞ്ഞിരുന്ന കിടപ്പുരോഗികളടക്കമുള്ള 24 പേരെ ഗാന്ധിഭവന്‍ ഏറ്റെടുത്തിരുന്നു. ഗാന്ധിഭവനിലെ ചികിത്സയിലും പരിചരണത്തിലും അവര്‍ സുഖം പ്രാപിച്ചുവരുന്നതായി സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അറിയിച്ചു.