Header ads

CLOSE

ഇന്‍ഷ്വറന്‍സ് തുക ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട: ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

ഇന്‍ഷ്വറന്‍സ് തുക ലഭിക്കാന്‍  24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട:  ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

കൊച്ചി: ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രി വാസം വേണമെന്നത് ഉപഭോക്തൃ അവകാശ ലംഘനമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ആധുനിക ചികിത്സാ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
എറണാകുളം മരട് സ്വദേശി ജോണ്‍ മില്‍ട്ടണ്‍ മാതാവിന്റെ ഇടത് കണ്ണിന്റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചെയ്തിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ഹോസ്പിറ്റലില്‍ കിടക്കാതെ തന്നെ ശസ്ത്രക്രിയ നടത്തുകയും ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. തുടര്‍ന്ന് ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിനു വേണ്ടി ഇന്‍ഷ്വറന്‍സ് കമ്പനിയെ സമീപിച്ചെങ്കിലും 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലാത്തതിനാല്‍ ഒ.പി. ചികിത്സയായി കണക്കാക്കി ഇന്‍ഷ്വറന്‍സ് കമ്പനി ക്ലെയിം അപേക്ഷ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് പോളിസി ഉടമ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ഡി.ബി. ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവരുടെ ബഞ്ചാണ് പരാതിക്കാരന് അനുകൂലമായി ഉത്തരവിട്ടത്.
ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സര്‍ജറിയും വ്യാപകമായ കാലഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ലഭിക്കുന്നതിന് 24 മണിക്കൂര്‍ ആശുപത്രിവാസം വേണമെന്ന ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വ്യക്തമാക്കി. കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തില്‍ ചികിത്സ അവസാനിക്കുകയും ചെയ്താല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹതയുണ്ടാകും. കൂടാതെ മയോപ്പിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷന്‍ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുമെന്ന ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അതോററി (ഐ.ആര്‍.ഡി.എ.ഐ.)യുടെ സര്‍ക്കുലറും കോടതി പരിഗണിച്ചു. പരാതിക്കാരന്റെ ആവശ്യം നിലനില്‍ക്കെ മറ്റൊരു പോളിസി ഉടമയ്ക്ക് ഇതേ ക്ലെയിം ഇന്‍ഷ്വറന്‍സ് കമ്പനി അനുവദിച്ചതായും കോടതി കണ്ടെത്തി.
ഇന്‍ഷ്വറന്‍സ് കമ്പനിയുടെ മേല്‍ നടപടികള്‍ പോളിസി ഉടമക്ക് നല്‍കേണ്ട സേവനത്തിന്റെ വീഴ്ചയാണെന്ന് ബോധ്യമായ കോടതി ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നല്‍കാന്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് ഉത്തരവ് നല്‍കി.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads