Header ads

CLOSE

മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം സിബിഐ അന്വേഷിക്കും; വിഡിയോ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്തി

മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവം സിബിഐ അന്വേഷിക്കും;  വിഡിയോ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്തി

ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തിനിടെ രണ്ട് വനിതകളെ നഗ്‌നരായി നടത്തുകയും സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്ത കേസ് കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് വിട്ടു. സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുകയും പ്രതിപക്ഷ സഖ്യം കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തതിന് പിന്നാലെയാണ് കേസന്വേഷണം സിബിഐക്കു വിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
കേസിന്റെ വിചാരണ മണിപ്പുരിന് പുറത്തുനടത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. വിഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായും വിഡിയോ ചിത്രീകരിച്ചയാളെ അറസ്റ്റ് ചെയ്തതായും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ ഏഴു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇതില്‍ ഒരാള്‍ തന്നെയാണ് വിഡിയോ പകര്‍ത്തിയതെന്നാണ് സൂചന.
മേയ് നാലിനാണ് മണിപ്പുരിലെ ബിപൈന്യം ഗ്രാമത്തില്‍ ഗോത്രവര്‍ഗക്കാരായ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയത്. ഒരാളെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിന്റെ 26 സെക്കന്‍ഡ് നീളമുള്ള വിഡിയോ ഈ മാസം 19നാണ് പുറത്തുവന്നത്. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 21ന് കാംഗ്പോപി ജില്ലയിലെ സൈകുല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.  സ്ത്രീകളെ നഗ്‌നരാക്കി നടത്തിയതിന് തൊട്ടുമുമ്പ് അക്രമത്തില്‍നിന്നു സഹോദരിയെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു പുരുഷനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. പീഡനത്തിനിരയായ ഒരു യുവതി അസം റെജിമെന്റിലെ മുന്‍ സുബേദാറായിരുന്ന കാര്‍ഗില്‍ സൈനികന്റെ ഭാര്യയാണ്.
അതേസമയം, കലാപത്തില്‍ മണിപ്പുരില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ ചുരാചന്ദ്പുരിലുണ്ടായ ആക്രമണത്തില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട ഒരാളാണ് കൊല്ലപ്പെട്ടത്. ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മെയ്തി വിഭാഗത്തിനു പട്ടികവര്‍ഗപദവി നല്‍കാനുള്ള കോടതി ഉത്തരവില്‍ പ്രതിഷേധിച്ചു മലയോര ജില്ലകളില്‍ ആദിവാസി മാര്‍ച്ച് സംഘടിപ്പിച്ചതിനെത്തുടര്‍ന്നാണ് മേയ് ആദ്യവാരം കലാപം പൊട്ടിപ്പുറപ്പെട്ടത്.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads