Header ads

CLOSE

ക്രമസമാധാനം തകര്‍ന്ന മണിപ്പുരില്‍ നിതി എങ്ങനെ നടപ്പാക്കുമെന്ന് സുപ്രീം കോടതി

ക്രമസമാധാനം തകര്‍ന്ന മണിപ്പുരില്‍ നിതി എങ്ങനെ നടപ്പാക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:മണിപ്പുരില്‍ ഭരണഘടനാസംവിധാനം തകര്‍ന്നുവെന്നും ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ച് ചോദിച്ചു. ആള്‍ക്കൂട്ടത്തിനു തന്നെ കൈമാറിയത് പൊലീസാണെന്നാണ് നഗ്‌നയാക്കി നടത്തിയ ശേഷം ബലാത്സംഗത്തിനിരയാക്കിയ സ്ത്രീയുടെ മൊഴിയില്‍ പറയുന്നത്. ഇതില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്തോ എന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു. എന്താണു നടന്നതെന്ന് കണ്ടെത്തേണ്ടത് ഡിജിപിയുടെ ചുമതലയാണ്. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തോ എന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. സിബിഐ അന്വേഷണം തുടരുകയാണെന്നും വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
കലാപത്തില്‍ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വലിയ കാലതാമസം ഉണ്ടായെന്ന് വ്യക്തമായെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. നാലാം തീയതി ഉണ്ടായ സംഭവത്തില്‍ ഏഴാം തീയതിയാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഒരു സ്ത്രീയെ കാറില്‍നിന്നു പുറത്തേക്കു വലിച്ചിഴച്ചതും മകനെ അടിച്ചുകൊന്നതുമായി ഗൗരവമുള്ള സംഭവമായിരുന്നു അതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. മകനെ തീകൊളുത്തി കൊന്നിട്ടും എഫ്ഐആറില്‍ 302-ാം വകുപ്പ് എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താതിരുന്നതെന്ന് ജസ്റ്റീസ് പര്‍ദിവാല ചോദിച്ചു. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും അറസ്റ്റുകള്‍ ഉണ്ടാകുന്നില്ലെന്നും ചീഫ് ജസ്റ്റീസ് കുറ്റപ്പെടുത്തി. മേയ് തുടക്കം മുതല്‍ ജൂലായ് വരെ നിയമം ഇല്ലാത്ത അവസ്ഥയായിരുന്നു അവിടെ. ക്രമസമാധാനവും സംവിധാനങ്ങളും പൂര്‍ണമായി തകര്‍ന്നുവെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
കേസുകള്‍ എടുക്കുന്നതിലും എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വലിയ വീഴ്ച ഉണ്ടായിട്ടുണ്ട്. വളരെ കുറച്ച് അറസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച രണ്ടു മണിക്ക് ഡിജിപി നേരിട്ട് ഹാജരായി വിവരങ്ങള്‍ നല്‍കണമെന്നും ചീഫ് ജസ്റ്റീസ് നിര്‍ദേശിച്ചു. മണിപ്പുര്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് 6532 എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
6523 എഫ്ഐആറുകളില്‍ വ്യക്തതയില്ലെന്നും കൊലപാതകം, ബലാത്സംഗം, കൊള്ളിവയ്പ്, സ്വത്തുവകകള്‍ നശിപ്പിക്കല്‍ തുടങ്ങി ഏതൊക്കെ കുറ്റങ്ങളാണെന്ന് തരംതിരിച്ച് വിവരം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു. അതേസമയം, ഹൈക്കോടതി മുന്‍ ജഡ്ജിമാരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. ഈ 6,500 എഫ്‌ഐആറുകള്‍ മുഴുവന്‍ അന്വേഷിക്കാന്‍ സിബിഐക്ക് കഴിയില്ല. സംസ്ഥാന പൊലീസിനെ വിശ്വസിക്കാന്‍ കഴിയില്ല. എന്താണ് ചെയ്യേണ്ടതെന്ന് പഠിച്ചു പറയണം. അവിടെ ബലാത്സംഗം ചെയ്യപ്പെട്ടതും കൊല്ലപ്പെട്ടതും നമ്മുടെ ആളുകളല്ലേ? അതുകൊണ്ട് ഇക്കാര്യത്തില്‍ ശരിയായത് ചെയ്യണമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. കേസ് ഇനി അടുത്ത തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് പരിഗണിക്കും.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads