ന്യൂഡല്‍ഹി:കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയം കേരളത്തിലും മാതൃകയാക്കണമെന്ന് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കൂട്ടായ പ്രവര്‍ത്തനവും അജണ്ടയില്‍ ഊന്നിയുള്ള നീക്കവുമാണ് വിജയം നേടാന്‍ സഹായിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് വന്‍വിജയം നേടിയത്. അതേസമയം മണിപ്പൂരിലെ സാഹചര്യം വിശദീകരിച്ച് വര്‍ഗീയ ധ്രുവീകരണശ്രമത്തോട് ജാഗ്രത പുലര്‍ത്തി വേണം നേതാക്കള്‍ ഇടപെടാനെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ഹൈക്കമാന്‍ഡ് എഐസിസി ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചയിലാണ് സംസ്ഥാന നേതാക്കളോട് രാഹുല്‍ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയും നേതാക്കളുമായി സംസാരിച്ചു. കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 20 സീറ്റിലും വിജയിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ ജനവികാരം രണ്ട് സര്‍ക്കാരുകള്‍ക്കും എതിരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. പാര്‍ട്ടിക്കകത്ത് പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടിക്കകത്ത് തന്നെ പറയണമെന്ന കര്‍ശന നിര്‍ദ്ദേശവും യോഗത്തില്‍ കെസി വേണുഗോപാല്‍ നല്കി.