Header ads

CLOSE

സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു സംസ്‌കാരം നാളെ വൈകിട്ട് 5ന് ശാന്തികവാടത്തില്‍

സിപിഎം നേതാവ്  ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു സംസ്‌കാരം നാളെ വൈകിട്ട് 5ന് ശാന്തികവാടത്തില്‍

തിരുവനന്തപുരം: സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഎം നേതാവുമായ ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. രോഗബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (വ്യാഴം) വൈകിട്ടായിരുന്നു അന്ത്യം.
1956-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ആനത്തലവട്ടം, 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. 1985-ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് മൂന്നുവട്ടം എംഎല്‍എയായി. 2008-ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനുമാണ്. ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍.
1937 ഏപ്രില്‍ 22-ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ വി. കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. 1954-ല്‍ ഒരണ കൂടുതല്‍ കൂലിക്കുവേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദന്‍ രാഷ്ട്രീയരംഗത്തെത്തുന്നത്. വര്‍ക്കലയിലെ ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. അക്കാലത്ത് ആനന്ദന് റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനര്‍ ആയി ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവര്‍ത്തനത്തിനു വേണ്ടി അത് വേണ്ടെന്നുവച്ചു.
ധാരാളം തൊഴിലാളിസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആനന്ദന്‍ പലവട്ടം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷത്തോളം ഒളിവില്‍ പ്രവര്‍ത്തിച്ചു. പിന്നീട് അറസ്റ്റിലായി. അടിയന്തരാവസ്ഥ അവസാനിച്ചതിന് ശേഷമാണ് ജയില്‍മോചിതനായത്.
ട്രാവന്‍കൂര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, 1972 മുതല്‍ കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 12 വര്‍ഷം കയര്‍ഫെഡിന്റെ പ്രസിഡന്റായിരുന്നു. കയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു. 
1987-ല്‍ ആറ്റിങ്ങലില്‍നിന്നാണ് ആദ്യതവണ നിയമസഭയിലെത്തിയത്. 1991-ല്‍ വീണ്ടും മത്സരിച്ചെങ്കിലും 316 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി. ശരത്ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 1996-ല്‍ ആറ്റിങ്ങലില്‍ത്തന്നെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തിയാണ് രണ്ടാം ജയം. 2006-ല്‍ സി. മോഹനചന്ദ്രനെതിരെ 11208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2006 മുതല്‍ 2011 വരെ ചീഫ് വിപ്പായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ കയര്‍മിത്ര പുരസ്‌കാരം, കയര്‍ മില്ലനിയം പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ കയര്‍ അവാര്‍ഡ്, സി.കേശവന്‍ സ്മാരക പുരസ്‌കാരം, എന്‍.ശ്രീകണ്ഠന്‍ നായര്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചിറയിന്‍കീഴുള്ള വീട്ടിലേയ്ക്ക് കൊണ്ടുപോയ മൃതദേഹം, നാളെ(വെള്ളി) രാവിലെ 11 മണി മുതല്‍ എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രണ്ട് മണിമുതല്‍ സിഐടിയു ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വൈകിട്ട് 5ന് ശന്തികവാടത്തില്‍ സംസ്‌കരിക്കും.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads