കണ്ണൂര്‍:അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യുമന്‍ റൈറ്റ്സ് പ്രോട്ടക്ഷന്‍ മിഷന്റെ വ്യാജ രസീതും ലെറ്റര്‍ ഹെഡും നിര്‍മ്മിച്ച് വ്യാപകമായി പണപ്പിരിവു നടത്തിയ ആള്‍ക്കെതിരെ പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പാനൂര്‍ പാലക്കോട് ഗീതാഞ്ജലിയില്‍ കെ.കെ.ചാത്തുക്കുട്ടിയാണ് എച്ച്.ആര്.പി.എമ്മിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തത്. ഇയാള്‍ പിരിവ് നടത്തുന്നതായി മനസിലാക്കി ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് ദേശീയ ചെയര്മാന് പ്രകാശ് ചെന്നിത്തലയാണ് മുഖ്യ മന്ത്രിക്കും ഡിജിപിക്കും കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. സംഘടനയ്ക്ക് രസീതോ പണപ്പിരിവോ ഇല്ലെന്നും ചാത്തുക്കുട്ടി വ്യവസായികളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും വന്‍തുക പിരിച്ചെടുത്തുവെന്നും പ്രകാശ് ചെന്നിത്തല കൂത്തുപറമ്പ് എസിപി.ക്ക് നല്കിയ മൊഴിയില്‍ പറയുന്നു.