സിഫ്റ്റ് കൗര്‍ സംറയും ആഷി ഛൗക്സെയും
ഹാങ്ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യ രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം അഞ്ച് സ്വര്‍ണ്ണം ഉള്‍പ്പെടെ 21 ആയി. വനിതകളുടെ ഷൂട്ടിംഗ് 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് ഇന്ത്യ ഇന്ന് ആദ്യസ്വര്‍ണ്ണം നേടിയത്. മനു ഭാകര്‍, ഇഷ സിങ്, റിഥം സാങ്വാന് എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണ്ണം ഷൂട്ട് ചെയ്തെടുത്തത്. 1759 പോയിന്റോടെയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ചൈന വെള്ളിയും ദക്ഷിണ കൊറിയ വെങ്കലവും നേടി. ഷൂട്ടിംഗില്ത്തന്നെ ലോക റെക്കോഡോടെ ഇന്ത്യയുടെ സിഫ്റ്റ് കൗര്‍ സംറയാണ് ഇന്നത്തെ രണ്ടാമത്തെ സ്വര്‍ണം സ്വന്തമാക്കിയത്. ഷൂട്ടിംഗ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗത്തില്‍ 469.6 പോയിന്റോടെയാണ് സിഫ്റ്റ് ഒന്നാമതെത്തിയത്. ഇതോടെ കഴിഞ്ഞ മേയില്‍ ബാക്കുവില്‍ ബ്രിട്ടീഷ് താരം സിയോനൈദ് മക്കിന്റോഷ് സ്ഥാപിച്ച 467 പോയിന്റിന്റെ ലോകറെക്കോഡും സിഫ്റ്റ് മറികടന്നു. നേരത്തെ ഇതേ വിഭാഗത്തില്‍ ടീം ഇനത്തില്‍ സിഫ്റ്റ് വെള്ളി നേടിയിരുന്നു. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ആഷി ഛൗക്സെയ്ക്ക് ആണ് വെങ്കലം. ചൈനയുടെ സാങ്ങിനാണ് വെള്ളി. ആഷിയുടേയും രണ്ടാമത്തെ മെഡലാണിത്. നേരത്തെ വെള്ളി നേടിയ ടീമില്‍ അംഗമായിരുന്നു.
വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യന്‍ ടീം വെള്ളി നേടിയിരുന്നു. സിഫ്റ്റ് കൗര്‍ സംറ, ആഷി ഛൗക്സെ, മനിനി കൗശിക് എന്നിവരടങ്ങിയ ടീമാണ് രണ്ടാമതെത്തിയത്. 1764 പോയിന്റോടെയാണ് ഇന്ത്യയുടെ മെഡല്‍നേട്ടം. ചൈന സ്വര്‍ണവും ദക്ഷിണ കൊറിയ വെങ്കലവും നേടി.
പുരുഷന്മാരുടെ സ്കീറ്റ് ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടി. ആനന്ദ് ജീത് സിങ്ങ്, ഗുര്‍ജോത് സിങ് ഖന്ഗുര, അംഗദ് വീര്‍ സിങ്ങ് ബജ്വ എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. ചൈന സ്വര്‍ണവും ഖത്തര്‍ വെള്ളിയും സ്വന്തമാക്കി. 121 പോയിന്റോടെ വ്യക്തിഗത വിഭാഗം ഫൈനലിന് ആനന്ദ് യോഗ്യതയും നേടി.
സെയ്ലിങ്ങില് നാലാം ദിനവും ഇന്ത്യ മെഡല്‍ നേടി. പുരുഷന്മാരുടെ DINGHY-ILCA7 വിഭാഗത്തില്‍ വിഷ്ണു ശരവണന് മൂന്നാമതെത്തി.