തിരുവനന്തപുരം: സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചിറയിന്‍കീഴിലെ വസതിയില്‍നിന്ന് രാവിലെ 11-ന് എകെജി സെന്ററിലും പിന്നീട് മാഞ്ഞാലിക്കുളം റോഡിലെ സിഐടിയു ഓഫീസിലും പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം ശാന്തികവാടത്തില്‍ സംസ്‌കാരിച്ചത്. സിഐടിയു ദേശീയ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ച്മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അന്തരിച്ചത്. കാന്‍സറിനെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. മുതിര്‍ന്ന നേതാവിന് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അന്ത്യോപചാരം അര്‍പ്പിച്ചു. സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യത്യസ്ത രാഷ്ട്രീയ കക്ഷികളില്‍പ്പെട്ടവരെല്ലാം അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.